പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാമെന്ന് പേരില്‍ തട്ടിപ്പ്: പോലീസ് അന്വേഷണം തുടങ്ങി.
കണ്ണൂര്‍: പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ സൗജന്യമായി വിദ്യാഭ്യാസ സൗകര്യം നല്‍കാമെന്ന് പറഞ്ഞു പണം വാങ്ങി തട്ടിപ്പ് നടത്തുന്നതായി പരാതി.
അഴീക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
എസ് എസ് എല്‍ സി-പ്ലസ്ടു പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത്.
ഗവണ്‍മെന്റ് സ്‌കൂളുകളിലും കോളേജുകളിലും സീറ്റ് ലഭ്യമാകാതെ വരുന്നവരെയാണ് തട്ടിപ്പ് സംഘം സമീപിക്കുന്നത്.
പ്ലസ്ടു കഴിഞ്ഞ കുട്ടികള്‍ക്ക് പോളിടെക്‌നിക്കിലും ബി എസ് സി നേഴ്‌സിങ്ങ് പോലുള്ള കോഴ്‌സുകളിലേക്കും പഠനസൗകര്യം നല്‍കാമെന്നാണ് ഇവരുടെ വാഗ്ദാനം.
രജിസ്‌ട്രേഷന്‍ ഫീസ് ആയി 500 രൂപ ഈടാക്കും. രജിസ്‌ട്രേഷന്‍ സമയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിവെക്കുകയും ചെയ്യും.
ഇങ്ങനെ 500 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്ത ഒരു വിദ്യാര്‍ഥി പോളിടെക്‌നിക്കില്‍ നാട്ടില്‍പ്രവേശനം കിട്ടിയപ്പോള്‍ സര്‍ട്ടിഫിക്കറ്റ് തിരിച്ചു ചോദിച്ചപ്പോഴാണ് തട്ടിപ്പ് സംഘത്തിന്റെ തനിനിറം വെളിപ്പെട്ടത്.
സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കണമെങ്കില്‍ 5000 രൂപ നല്‍കണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം.
പൈസ തരാന്‍ കഴിയില്ല എന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ കാരണം ഞങ്ങളുടെ വരുമാനം നഷ്ടപ്പെട്ടെന്നും അതുകൊണ്ട് ഇതിന് നഷ്ടപരിഹാരമായി 5000 രൂപ നല്‍കണമെന്നും സംഘം ആവശ്യപ്പെടുകയായിരുന്നു.
നിരവധി തവണ സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ഥി സമീപിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറായില്ല.
തുടര്‍ന്നാണ് കണ്ണൂര്‍ എ സി പിക്ക് പരാതി നല്‍കിയത്. ഇത്തരത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെയാണ് സംഘം പറ്റിച്ചത് എന്നാണ് പ്രാഥമികമായ അന്വേഷണത്തില്‍കണ്ടെത്തിയത്.
പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.