രാത്രി ഒന്‍പത് മുതല്‍ അര്‍ദ്ധരാത്രി 12.30 വരെ കോളേജിനകത്ത് യോഗം ചേര്‍ന്നു- രണ്ട് എസ്.എഫ്.ഐക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തളിപ്പറമ്പ്: രാത്രി ഒന്‍പത് മുതല്‍ അര്‍ദ്ധരാത്രി 12.30 വരെ കോളേജില്‍ യോഗം ചേര്‍ന്ന് അച്ചടക്കലംഘനം നടത്തിയതിന് രണ്ട് എസ്.എഫ് ഐ പ്രവര്‍ത്തകരെ കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഒരാഴ്ച്ചത്തേക്ക് സസ്‌പെന്റ് ചെയ്തു.

അഞ്ചാം സെമസ്റ്റര്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് വി.വി.അഭിജിത്ത്, സെക്രട്ടറി എന്‍.എം.ജിഫാന എന്നിവരെയാണ് ഇന്നലെ സസ്‌പെന്റ് ചെയ്തത്.

അച്ചടക്കമില്ലായ്മക്ക് വിശദീകരണം നല്‍കുകയും ചെയ്യണമെന്നാണ് പ്രിന്‍സിപ്പാള്‍ ഡോ.വി.ഒ.രജിനി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.

മാര്‍ച്ച് 7 ന് ലേഡീസ് ഹോസ്റ്റലിലേയും മെന്‍സ് ഹോസ്റ്റലിലേയും അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ കോളേജിന്റെ പ്രധാനകെട്ടിടത്തില്‍ അനുമതിയില്ലാതെ ഒത്തുകൂടി യോഗം സംഘടിപ്പിച്ചിരുന്നു.

രാത്രി ഒന്‍പത് മുതല്‍ അര്‍ദ്ധരാത്രി 12.30 വരെയായിരുന്നു യോഗം. ഹോസ്റ്റലില്‍ നിന്നും അസമയത്ത് അനുവാദമില്ലാതെ പുറത്തിറങ്ങിയത് മാര്‍ഗനിര്‍ദ്ദേശ ലംഘനമാണെന്ന് ഉത്തരവില്‍ പറയുന്നു.

പുറത്തുനിന്നും ഉച്ചഭാഷിണികള്‍ കോളേജില്‍ പരിപാടിക്കായി കൊണ്ടുവരികയും അനുമതിയില്ലാതെ പോര്‍ട്ടിക്കോ അലങ്കരിക്കുകയും ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ എസ്.എഫ്.ഐ സമരത്തിന് ആഹ്വാനം ചെയ്തിരുന്നുവെങ്കിലും ബോര്‍ഡുകള്‍ സ്ഥാപിച്ചതല്ലാതെ സമരം നടത്തിയില്ല.

പ്രശ്‌നം പരിഹരിക്കാന്‍ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.