സോമയാഗത്തില്‍ പങ്കെടുത്തത് ഗുരുതരമായ സ്വഭാവദൂഷ്യമെന്ന് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്-സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ.
പയ്യന്നൂര്‍: സോമയാഗത്തില്‍ പങ്കെടുത്തത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമെന്ന് റിപ്പോര്‍ട്ട്.
ചെറുപുഴ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒ എന്‍.സഹദേവന്റെ പേരിലാണ് പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്.
ഒരു അച്ചടക്ക സേനാംഗത്തിന് നിരക്കാത്ത വിധം സ്വഭാവദൂഷ്യവും അച്ചടക്കലംഘനവും നടത്തിയതായി ബോധ്യപ്പെട്ടുവെന്നാണ് ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം 1958 ലെ കേരളാ പോലീസ് ഡിപ്പാര്‍ട്മെന്റല്‍ എന്‍ക്വയറി, പണിഷ്‌മെന്റ് ആന്റ് അപ്പീല്‍ ചട്ടങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന വിധത്തില്‍ അവാച്യാന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പേരാവൂര്‍ ഇന്‍സ്‌പെക്ടര്‍ എം.എന്‍.ബിജോയിയെ ചുമതലപ്പെടുത്തിയതായി റൂറല്‍ പോലീസ് മേധാവി എം.ഹേമലത അറിയിച്ചു.
കരട് കുറ്റാരോപണ പത്രിക രണ്ടാഴ്ച്ചക്കകവും അന്വേഷണ വിചാരണ പത്രിക രണ്ടു മാസത്തിനകവും സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ഏപ്രില്‍ 2 മുതല്‍ മെയ്-7 വരെ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ച സഹദേവന്‍ ഏപ്രില്‍ 30 മുതല്‍ മെയ്-5 വരെ സ്വന്തം വീടിന് സമീപത്തെ വാസുദേവപുരം ശ്രീകൃഷ്ണക്ഷേത്ര പരിസരത്ത് നടന്ന
സോമയാഗത്തില്‍ പങ്കെടുത്തതായി കാണിച്ച് പ്രദേശത്തെ സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.