തളിപ്പറമ്പില്‍ പുള്ളിമാനിനെ കണ്ടെത്തി-വനംവകുപ്പ് ജാഗ്രതയില്‍
തളിപ്പറമ്പ്: കാക്കാഞ്ചാലില്‍ പുള്ളിമാനെ കണ്ടെത്തി.
തളിപ്പറമ്പ് നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്ററോളം ദൂരെയുള്ള ഈ പ്രദേശത്ത് ഇന്ന് രാവിലെയാണ് റോഡിലൂടെ യാത്രചെയ്തവര്‍ വലിയ പുള്ളിമാനെ കണ്ടെത്തിയത്.
ടൂവീലറുകളില്‍ യാത്രചെയ്തവര്‍ പുള്ളിമാന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.
കൊടുംകാടുകളില്‍ മാത്രം കാണപ്പെടുന്ന പുള്ളിമാന്‍ കനത്ത മഴയില്‍ പുഴയിലൂടെ ഒഴുകി വരാനുള്ള സാധ്യതയാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്.
വിവരമറിഞ്ഞ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ പുള്ളിമാനിനെ കണ്ടെത്താനായിട്ടില്ല.
കാണുകയാണെങ്കില്‍ വിവരമറിയിക്കാന്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു.
നല്ല വലുപ്പമുള്ള പത്ത് വയസോളം പ്രായമുള്ളതാണ് പുള്ളിമാന്‍.
സംരക്ഷിത പട്ടികയില്‍ പെടുന്ന മൃഗമായതിനാല്‍ രാത്രിയിലും വനംവകുപ്പ് അധികൃതര്‍ പ്രദേശം നിരീക്ഷിക്കും.
പുള്ളിമാനിനെ ഉപദ്രവിക്കുന്നത് 7 വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് റെയിഞ്ച് ഓഫീസര്‍ പറഞ്ഞു.