ബ്രോക്കര്‍ ഫീസ് നല്‍കിയില്ലെന്നാരോപിച്ച് 54 കാരനായ നവവരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, പ്രതി റിമാന്‍ഡില്‍

ചിറ്റാരിക്കല്‍: വിവാഹം നടത്തിക്കൊടുത്തതിന്റെ ബ്രോക്കര്‍ഫീസ് തന്നില്ലെന്നാരോപിച്ച് നവവരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

പറമ്പ വരിക്കത്തൊടിയില്‍ വീട്ടില്‍ വി.വി.എബ്രഹാമിനാണ്(54)വെട്ടേറ്റത്.

പ്രതി മാലോത്ത് പറമ്പയിലെ അച്ചാര്‍ ബേബി എന്ന ബേബി ജോര്‍ജിനെ(60)ചിറ്റാരിക്കല്‍ എസ്.എച്ച്.ഒ ഉമേശന്‍ കിഴുങ്ങുംവള്ളിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ഏപ്രില്‍ നാലിന് രാത്രി ഏഴ് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

എബ്രഹാമിന്റെ കടയില്‍ വെച്ചായിരുന്നു വെട്ടിയത്.

കഴുത്തിന് വടിവാള്‍ കൊണ്ട് വെട്ടുന്നതിനിടെ വടിവാള്‍ കൈകൊണ്ട് പിടിച്ചപ്പോള്‍ ഇടതുകൈ അറ്റുതൂങ്ങുകയും വലതുകൈയുടെ തള്ളവിരല്‍ അറ്റുപോകുകയും ചെയ്തു.

വെട്ടേറ്റ് തൂങ്ങിയ ഇടതുകൈപ്പത്തിയില്‍ നിന്നും ചെറുവിരല്‍ അടക്കമുള്ള ഭാഗങ്ങള്‍ വെട്ടേറ്റ് തെറിച്ചുപോയിരുന്നു.

എബ്രഹാമും ആലക്കോട് മണക്കടവിലെ വെട്ടിപ്ലാക്കല്‍ വീട്ടില്‍ വി.പി.സുനിതയും(45) തമ്മില്‍ 2026 ഫിബ്രവരി മാസത്തിലാണ് വിവാഹിതരായത്.

ഫോട്ടോയും ഫോണ്‍നമ്പറും നല്‍കി വിവാഹബന്ധം ശരിയാക്കി കൊടുത്തതിന് 25,000 രൂപ എബ്രഹാം ബേബിക്ക് നല്‍കിയിരുന്നുവത്രേ.

കര്‍ണാടകയിലായിരുന്ന ബേബി ഏപ്രില്‍ 3 ന് എബ്രഹാമിന്റെ കടയില്‍ മദ്യപിച്ചെത്തി 75,000 രൂപ കൂടി ആവശ്യപ്പെട്ട് ബഹളം വെക്കുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തതായി ഭാര്യ സുനിത പറഞ്ഞു.

ഒടുവില്‍ ഈസ്റ്റര്‍ ദിവസം 25,000 രൂപ കൊടുത്ത് പ്രശ്‌നം തീര്‍ക്കാന്‍ ധാരണയായിരുന്നു.

എന്നാല്‍ ശനിയാഴ്ച്ച രാത്രി ഏഴിന് കട അടക്കാന്‍ പോകവെ മദ്യപിച്ചെത്തിയ ബേബി എബ്രഹാമിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ട ബേബിയെ ഞായറാഴ്ച്ച രാവിലെയാണ് എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ പോലീസ് വീട്ടില്‍ വെച്ച് പിടികൂടിയത്.

വെട്ടേറ്റ് ചിതറിയ കൈകളും വിരലുകളുമായി എബ്രഹാമിനെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മൂന്ന് ഓപ്പറേഷനുകളും ഒരു പ്ലാസ്റ്റിക്ക് സര്‍ജറിയും നടത്തിയ എബ്രഹാം അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.