അര്‍ധരാത്രിയില്‍ അരുംകൊല. ദമ്പതികളെ വെട്ടിക്കൊന്നു.

പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയില്‍ അര്‍ധരാത്രിയില്‍ അരുംകൊല. ദമ്പതികളെ വെട്ടിക്കൊന്നു.

നാലകത്ത് നസീര്‍(63), ഭാര്യ സുഹറ(60)എന്നിവരാണ് മരിച്ചത്.

നാല് വയസുള്ള ഇവരുടെ കൊച്ചു മകനെ ഗുരുതര പരിക്കേറ്റ നിലയില്‍ കണ്ടെത്തി.

സംഭവത്തില്‍ നസീര്‍-സുഹറ ദമ്പതികളുടെ വളര്‍ത്തു മകള്‍ സുല്‍ഫിയത്തിന്റെ ഭര്‍ത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

സുല്‍ഫിയത്ത് മകനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്.

നാട്ടുകാര്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോലീസ് സ്ഥലത്തെത്തുമ്പോള്‍ മുഹമ്മദ് റാഫി കൈ ഞരമ്പ് മുറിച്ച നിലയില്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു.

എന്നാല്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആദ്യം പൊലീസിനു പിടികൂടാന്‍ കഴിഞ്ഞില്ല.

സമീപത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് പിന്നീട് പിടികൂടിയത്.

ഗുരുതര പരിക്കേറ്റ നാല് വയസുകാരനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

പിടിയിലായ മുഹമ്മദ് റാഫിയെ ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതക കാരണം വ്യക്തമാകു.

ഇയാള്‍ കൈ ഞരമ്പ് മുറിച്ചതിനാല്‍ ഇയാളേയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.