പോലീസ് തലപ്പത്തു വന്‍ അഴിച്ചു പണി വന്നേക്കും

തിരുവനന്തപുരം: പോലീസ് തലപ്പത്തു വന്‍ അഴിച്ചു
പണി വന്നേക്കും.

ഐ.ജി, ഡി.ഐ.ജി മാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് മാറ്റമുണ്ടാകും. ഇതു സംബന്ധിച്ച ശിപാര്‍ശ പോലീസ് ആസ്ഥാനത്തുനിന്ന് സര്‍ക്കാരിലേക്ക് അയച്ചതായി സൂചന.

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് പോലീസില്‍ മാറ്റത്തിനു നീക്കം.

സി.പി.എം സമ്മേളനങ്ങളില്‍ അടക്കം ഉയര്‍ന്ന വിമര്‍ശനം ഉള്‍ക്കൊണ്ടാകും മാറ്റങ്ങള്‍.

തിരുവനന്തപുരം, കോഴിക്കോട് ഐ.ജിമാര്‍ക്കും തിരുവനന്തപുരം, കണ്ണൂര്‍ കമ്മിഷണര്‍ക്കും മാറ്റമുണ്ടായേക്കും.

ഗവര്‍ണറുടെ എ.ഡി.സി പദവിയില്‍നിന്നു പോലീസിലേക്ക് മടങ്ങിയെത്തിയ എസ്.പി: അരുള്‍ ബി. കൃഷ്ണയ്ക്ക് പുതിയ നിയമനം നല്‍കും.

കൊച്ചി കമ്മിഷണറായി ഐ.ജി റാങ്കില്‍ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചേക്കും.

പോലീസ് ആസ്ഥാനത്ത് പുതിയ ഡി.ഐ.ജിയെ നിയമിക്കുന്നതും പരിഗണനയിലാണ്.

എറണാകുളം, തൃശൂര്‍, കണ്ണൂര്‍ റേഞ്ചുകളില്‍ പുതിയ ഡി.ഐ.ജിമാര്‍വരും.

കുറഞ്ഞത് തിരുവനന്തപുരം അടക്കം ഏഴ് ജില്ലാ പോലീസ് മേധാവിമാര്‍ മാറാന്‍ സാധ്യതയുണ്ട്.

കുറ്റമറ്റ രീതിയിലാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍, അപ്പോഴും ചില മാറ്റങ്ങള്‍ അനിവാര്യമാണ്.

എ.ഡി.ജി.പി. തലത്തിലും അഴിച്ചുപണി വന്നേക്കാം. അടുത്ത കാലത്ത് നടന്ന സ്ഥാനക്കയറ്റങ്ങളാണ് പോലീസ് അഴിച്ചുപണിക്ക് പ്രേരകമായത്.

ഐ.ജി.പദവിയിലേക്ക് 2007 ബാച്ച് ഉദ്യോഗസ്ഥരായ ദേബേഷ് കുമാര്‍ ബെഹ്‌റ, ഉമ ബെഹ്‌റ, രാജ്പാല്‍മീണ, ജയനാഥ് എന്നിവര്‍ക്കു സ്ഥാനക്കയറ്റം നല്‍കാനായിരുന്നു മന്ത്രിസഭാ തീരുമാനം.

2011 ബാച്ചിലെ യതീഷ് ചന്ദ്ര, ഹരിശങ്കര്‍, കെ.കാര്‍ത്തിക, പ്രതീഷ് കുമാര്‍, ടി.നാരായണ്‍ എന്നിവര്‍ക്ക് ഡി.ഐ.ജി പദവിയും അനുവദിച്ചു. ഇത് അഴിച്ചുപണിക്ക് കാരണമായി.

ഇതിനൊപ്പം എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന് സുപ്രധാന ചുമതലകള്‍ നല്‍കുമെന്ന ചര്‍ച്ചയും സജീവമാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് ഇടതുസര്‍ക്കാരിന് നിര്‍ണയാകമാണ്.

അതുകൊണ്ട് തന്നെ പൊതു ജനങ്ങള്‍ക്കിടയില്‍ പോലീസ് അവമതിപ്പുണ്ടാക്കുന്നതൊന്നും ചെയ്യാന്‍ പാടില്ല.

പുതുവല്‍സര തുടക്കത്തില്‍ നടക്കുന്ന പോലീസ് പുനസംഘടനയുടെ ലക്ഷ്യവും ഇതു തന്നെയാണ്.

ഡി.ജി.പി: ഷേഖ് ദെര്‍വേഷ് സാഹിബിന്റെ പിന്‍ഗാമിയായി വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള രവഡാ ചന്ദ്രശേഖര്‍ എന്നിവര്‍ക്കാണ് മുന്‍തൂക്കം.