തെമ്മാടിത്തരത്തിന് അധികൃതര്‍ കൂട്ടുനില്‍ക്കുന്നുവോ ? മറവില്‍ തിരിവ്-സൂക്ഷിക്കണം ഇല്ലെങ്കില്‍ ജീവന്‍ പോകും.

തളിപ്പറമ്പ്: തോന്ന്യവാസമെന്നോ, അഹങ്കാരമെന്നോ, ഏത് പേരിട്ടാണ് ഈ പ്രവൃത്തിയെ വിളിക്കേണ്ടത് എന്നറിയില്ല.

അത്രമാത്രം ജനവിരുദ്ധമാണ് കപ്പാലം ജംഗ്ഷനില്‍ നടത്തിയിരിക്കുന്നത്.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ കപ്പാലം ജംഗ്ഷന് സമീപം ഒരു സ്വകാര്യ വ്യക്തി വാഹനയാത്രികര്‍ക്ക് കാഴ്ച്ച മറക്കപ്പെടുന്ന വിധത്തില്‍ ഇരുമ്പ് ഷീറ്റുകള്‍ ഉപയോഗിച്ച് മതില്‍ കെട്ടിയിരിക്കയാണ്.

ഇവിടെ കെട്ടിട നിര്‍മ്മാണമോ മറ്റോ നടക്കുന്നതായാണ് വിവരം.

കെട്ടിടം കെട്ടുന്നത് ആരം കാണണ്ട എന്നുകരുതിയോ, മറച്ചുവെക്കാന്‍ എന്തെങ്കിലും ഉള്ളതുകൊണ്ടോ ആയിരിക്കാം ഇത്തരമൊരു മറ എന്നു തോന്നുന്നു-അതല്ലെങ്കില്‍ കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലത്തെ സിമന്റും മറ്റ് മാലിന്യങ്ങളും പൊതുജനങ്ങളെ ദോഷകരമായി ബാധിക്കേണ്ട എന്ന് കരുതിയുമായിരിക്കാം.

രണ്ടായാലും ഈ ചെയ്തതിനെ അംഗീകരിക്കാനാവില്ല.

തിരക്കേറിയ സ്ഥലമാണ് കപ്പാലം ജംഗ്ഷന്‍.

തീര്‍ത്ഥാടക ടൂറിസം പദ്ധതി പ്രകാരം പൊതുമരാമത്ത് വകുപ്പ് നവീകരിച്ച മെയിന്‍ റോഡും തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയും മുക്കോല ഭാഗത്തേക്കുള്ള റോഡും ചേരുന്ന ഈ സ്ഥലത്തുകൂടി ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുകയാണ്.

മുക്കോല ഭാഗത്തുനിന്നും വാഹനമോടിച്ചുവരുന്നവര്‍ക്ക് പൂര്‍ണമായും ചിറവക്ക് ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് ഭാഗികമായും കാഴ്ച്ച മറയുന്നതിനാല്‍ ഇവിടെ വലിയതോതില്‍ വാഹനാപകടങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ അടിയന്തിരമായും ഈ താല്‍ക്കാലിക മതില്‍ പൊളിച്ചു നീക്കേണ്ടത് അത്യാവശ്യമാണ്.

പോലീസും റവന്യൂ അധികൃതരും അടിയന്തിര നടപടി സ്വീകരിക്കാത്തപക്ഷം കെട്ടിടനിര്‍മ്മാണംപൂര്‍ത്തിയാവുമ്പോള്‍ നിരവധി നരബലികളാവും കപ്പാലം റോഡ് ജംഗ്ഷനില്‍ നടക്കുക.