മെയിന്‍ റോഡില്‍ വീണ്ടും വാഹനങ്ങള്‍ തടഞ്ഞ് ചരക്കിറക്കല്‍-എവിടെ ടൂവീലറുകള്‍ക്ക് പെറ്റിയടിക്കുന്ന പോലീസുകാര്‍-
ഒരു ഭാഗത്ത് പന്തല്‍ മറുഭാഗത്ത് ലോറി
തളിപ്പറമ്പ്: മെയിന്‍ റോഡില്‍ ചരക്കിറക്കാന്‍ ലോറിക്ക് മുകളില്‍ പന്തല്‍, നിരവധി വാഹനങ്ങളെ ബന്ദിയാക്കി നിയമലംഘനം.
ഇന്ന് വൈകുന്നേരം 4.45 മുതല്‍ ഏതാണ്ട് 20 മിനുട്ടോളമാണ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡില്‍ ഈ ചരക്കിറക്കല്‍ നടന്നത്.
കൂറ്റന്‍ ലോറി റോങ്ങ് സൈഡില്‍ നിര്‍ത്തി അതിന് മുകളില്‍ താല്‍ക്കാലിക പന്തല്‍ സ്ഥാപിച്ചായിരുന്നു ഈ ബന്ദിയാക്കല്‍ നടന്നത്.
പോലീസോ മറ്റ് നിയമപാലകരോ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. യാത്രക്കാര്‍ ഇതുകാരണം ഏറെ ബുദ്ധിമുട്ടി. നേരത്തെയും
ഇത്തരത്തില്‍ ബന്ദിയാക്കി ചരക്കിറക്കല്‍ നടന്നിട്ടുണ്ടെങ്കിലും തളിപ്പറമ്പ് പോലീസ് യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച പൊതു റോഡ് ഇത്തരത്തില്‍ ചരക്കിറക്കലിന് മാത്രമായി മാറിയിട്ടും ഉത്തരവാദപ്പെട്ടവര്‍ ഉറക്കം നടിക്കുകയാണ്.
മെയിന്‍ റോഡിലെ ഇന്നത്തെ രീതിയിലുള്ള ചരക്കിറക്കല്‍ ഒഴിവാക്കാന്‍ ആര്‍.ഡി.ഒ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മരുന്നു വാങ്ങാനായി മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ പാര്‍ക്ക് ചെയ്യുന്ന
ടൂവീലറുകള്‍ക്ക് പിഴ വിധിക്കുന്ന പോലീസ് ഈ നഗ്നമായ നിയമലംഘനം തുടരാന്‍ അനുവദിക്കരുതെന്ന ആവശ്യം ശക്തമാണ്.
ഈ അപരിഷ്‌കൃത ചരക്കിറക്കലിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.