ശമ്പളമില്ല-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭരണകക്ഷി യൂണിയന്റെ കുത്തിയിരിപ്പ് സമരം-പ്രതിപക്ഷം നാളെ കണ്ണൂര്‍ ബസ്റ്റാന്റില്‍ പിച്ചതെണ്ടല്‍ സമരം നടത്തും.

പരിയാരം: ശമ്പളമില്ല, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭരണകക്ഷി സംഘടനയുടെ കുത്തിയിരിപ്പ് സമരം.

രണ്ടാഴ്ച്ച പിന്നിട്ടിട്ടും സപ്തംബര്‍മാസത്തെ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എന്‍.ജി.ഒ.യൂണിയന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ഭരണവിഭാഗം ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചത്.

മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ നിലപാട് തിരുത്തണമെന്ന ആവശ്യവുമായിട്ടാണ് ഭരണികക്ഷിയൂണിയന്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്.

ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിനായി 52 കോടി രൂപ കേരള സര്‍ക്കാര്‍ ബജറ്റ് പ്രൊവിഷനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയായി 23 കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്.

സെപ്റ്റംബര്‍ മാസത്തെ ശമ്പള വിതരണത്തിന് ആവശ്യമായ തുക അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ടുമാസം മുമ്പ് തന്നെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍-ഇന്‍ ചാര്‍ജ് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇതുവരെയായിട്ടും തുക ലഭ്യമാക്കിയിട്ടില്ലെന്ന് എന്‍.ജി.ഒ യൂണിയന്‍ പരിയാരം ഏരിയാ ജന.സെക്രട്ടെറി പി.ആര്‍.ജിജേഷ് പറഞ്ഞു.

പ്രതിമാസം പത്തരകോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. നേരത്തെ പലതവണ ശമ്പളം വിതരണം ചെയ്യുന്നതില്‍ കാലതാമസവും പ്രതിഷേധസമരങ്ങളും നടന്നിരുന്നു.

ഉദ്യോഗസ്ഥതലത്തിലെ അലംഭാവമാണ് ഇതിന് കാരണമെന്നാണ് എന്‍.ജി.ഒ.യൂണിയന്‍ പറയുന്നത്.

പിച്ചയെടുപ്പ് സമരവുമായി എന്‍.ജി.ഒ അസോസിയേഷന്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സപ്റ്റംബര്‍ മാസത്തെ ശമ്പളം ഇതുവരെയും അനുവദിക്കാത്ത സാഹചര്യത്തില്‍ പിച്ചയെടുപ്പ് സമരവുമായി ജീവനക്കാര്‍.

എന്‍.ജി.ഒ അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റിയാണ് കണ്ണൂര്‍ ബസ്റ്റാന്റില്‍ പിച്ചയെടുപ്പ് സമരം നടത്തുന്നത്.

15 ന് ചാവ്വാഴ്ച്ച വൈകുന്നേരം 3 മുതല്‍ പൊതുജനമധ്യത്തില്‍ ഉപജീവനത്തിനായി ഭിക്ഷാടന സമരം നടത്തുമെന്ന് ബ്രാഞ്ച് കമ്മറ്റി പ്രസിഡന്റ് പി.ഐ.ശ്രീധരന്‍ അറിയിച്ചു.

2018 മുതല്‍ തടഞ്ഞു വെച്ച ആനുകൂല്യങ്ങള്‍ അനുവദിക്കുക, ആറുവര്‍ഷമായി പിടിച്ചു വെച്ച ഡി.എ. അനുവദിക്കുക, തടഞ്ഞു വെച്ച ശമ്പള പരിഷ്‌ക്കരണം നടപ്പില്‍ വരുത്തുക, ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ നീതി പാലിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.