സിസ്റ്റര്‍ വി.കെ.മോളിക്ക് പണികിട്ടി-വിവരാവകാശ കമ്മീഷന്‍ 25,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു.

കണ്ണൂര്‍: വിവരാവാകാശ അപേക്ഷയില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതിരുന്നതിന് കണ്ണൂര്‍ സെന്റ് തെരേസാസ് സ്‌കൂള്‍ മുന്‍ ഹെഡ്മിസ്ട്രസിന് 25,000/- രൂപ പിഴ ഒടുക്കാന്‍ വിവരാവകാശ കമ്മീഷന്‍ ശിക്ഷിച്ചു.

സ്‌കൂളില്‍ 2016-ല്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നല്‍കിയ കുട്ടികളുടെ എണ്ണവും വിശദവിവരങ്ങളും ചോദിച്ചുകൊണ്ട് കണ്ണൂര്‍ സ്വദേശി ബിജു സന്തോഷ് നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ വിവരാവകാശ കമ്മിഷണര്‍ ഡോ.കെ.എല്‍.വിവേകാനന്ദനാണ് പിഴ ശിക്ഷ വിധിച്ചത്.

സ്വന്തം മകള്‍ക്ക് ഒന്നാം ക്ലാസ് പ്രവേശനം തേടി സ്‌കൂള്‍ അധികൃതരെ സമീപിച്ച ബിജു സന്തോഷിനോട് ഹെഡ്മിസ്ട്രസ് അടക്കമുള്ള സ്‌കൂള്‍ അധികൃതര്‍ പ്രവേശനം നല്‍കാന്‍ കഴിയില്ലെന്നു പറയുകയും അദ്ദേഹത്തോട് വളരെ പരുഷമായി സംസാരിക്കുകയും ചെയ്തു എന്നതാണ് പരാതി.

സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ പ്രവേശന നടപടികള്‍ സുതാര്യമല്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബിജു സന്തോഷ് 2017 ഏപ്രില്‍ എട്ടിന് വിവരാവകാശ അപേക്ഷ നല്‍കിയത്.

ഒരു മാസത്തിനു ശേഷവും കൃത്യമായ വിവരങ്ങള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന്, അപേക്ഷകന്‍ കണ്ണൂര്‍ ഡി.ഇ.ഒയ്ക്ക് അപ്പീല്‍ നല്‍കി. എന്നാല്‍ ഡി.ഇ.ഒ. സുപ്രീം കോടതിവിധി ചൂണ്ടിക്കാണിച്ച് വിവരങ്ങള്‍ നല്‍കാനാവില്ല എന്ന മറുപടിയാണ് നല്‍കിയത്.

ഇതിനെതിരെ കമ്മീഷനില്‍ സമര്‍പ്പിച്ച രണ്ടാം അപ്പീലിലാണ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റര്‍ വി.കെ.മോളിയെ കമ്മീഷന്‍ ശിക്ഷിച്ചത്.

വിവരാവകാശ ഓഫീസര്‍ എന്ന നിലയില്‍ സിസ്റ്റര്‍ മോളി തെറ്റായ മറുപടിയാണ് നല്‍കിയതെന്ന് കമ്മീഷന് ഹീയറിംഗില്‍ ബോധ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.

എയ്ഡഡ് സ്‌കൂളുകളില്‍ മാനേജ്‌മെന്റിന് നീക്കി വെക്കപ്പെട്ട ക്വാട്ട കഴിച്ചുള്ള സീറ്റുകളില്‍ പ്രവേശനം പൂര്‍ണമായും സുതാര്യമായാണ് നടത്തേണ്ടതെന്നും, ഇതു സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ടതാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

ശിക്ഷിക്കപ്പെട്ട സിസ്റ്റര്‍ വി.കെ മോളി 25,000/- രൂപ ട്രഷറിയില്‍ ഒടുക്കി ഒറിജിനല്‍ ചെലാന്‍ രസീത് കമ്മിഷനില്‍ ഹാജരാക്കി.