പഴയ സത്യന്‍ അന്തിക്കാട് സിനിമകണ്ടതുപോലെ ഒരു ദൃശ്യസുഖാനുഭവം-സൂ പ്രം സോ(സുലോചന ഫ്രം സോമേശ്വര)

(സുലോചന ഫ്രം സോമേശ്വര)

           പഴയ സത്യന്‍ അന്തിക്കാട് സിനിമ കണ്ട ഒരു സുഖം-കന്നഡയില്‍ നിന്ന് മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിയ സു ഫ്രം സോ(സുലോചന ഫ്രം സോമേശ്വര)എന്ന സിനിമയെ അങ്ങനെ വിശേഷിപ്പിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

രാജ് ബി.ഷെട്ടിഒഴികെ ഒരൊറ്റ താരങ്ങളേയും പരിചയമില്ലെങ്കിലും സിനിമ തീരുന്നതോടെ എല്ലാ കഥാപാത്രങ്ങളും നമുക്ക് ചിരപരിചിതരായി മാറുന്നു, ഇതില്‍ സംവിധായകനും രചയിതാവും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ ജെ.പി.തുമിനാട് വിജയിച്ചിരിക്കുന്നു.

കര്‍ണാടകയിലെ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്താണ് കഥ നടക്കുന്നത്. നാട്ടിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രണയവും എല്ലാം ചേരുംപടി ചേര്‍ത്ത് അതീവരസകരമായ ഒരു അനുഭവമാക്കി സിനിമയെ മാറ്റാന്‍ അണിയറശില്‍പ്പികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

വ്യത്യസ്തമായ  പേരും  വ്യത്യസ്തമായ പോസ്റ്ററുകളുമാണ് ഈ സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ചത്.

കാണാതിരുന്നുവെങ്കില്‍ മികച്ച ഒരു സിനിമാ അനുഭവം നഷ്ടപ്പെടുമായിരുന്നു.

സിനിമ അവസാനിക്കുമ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ ആദ്യകാല സിനിമകള്‍ മനസിന് നല്‍കുന്ന ഒരു ദൃശ്യസുഖം അനുഭവിപ്പിക്കുന്നുണ്ട് സൂ ഫ്രം സോ.

നായക കഥാപാത്രമായ രവി അണ്ണനായി എത്തുന്ന ഷനീല്‍ഗൗതം, സംവിധായകന്‍ അവതരിപ്പിക്കുന്ന പ്രേതം ആവേശിക്കുന്ന അശോക, നായിക സന്ധ്യ ആര്‍ക്കരെയുടെ ഭാനു, പ്രകാസ് തുമിനാടിന്റെ ചന്ദ്ര, ദീപക് റായ് പഞ്ചേയുടെ സതീശ, രാജ് ബി.ഷെട്ടിയുടെ കരുണാകര ഗുരുജി തുടങ്ങി എല്ലാ കഥാപാത്രങ്ങളും അവരവരുടെ വേഷങ്ങള്‍ മനോഹരമാക്കി.

പ്രത്യേകിച്ച് അളിയനായി വരുന്ന കഥാപാത്രം.

മലയാള സിനിമ ക്രൈംത്രില്ലറുകളിലും ഹൊറര്‍ സിനിമകളിലും ചുറ്റിവട്ടം കറങ്ങുമ്പോള്‍ മനസുതുറന്ന് ചിരിക്കാനും ചിന്തിപ്പിക്കാനും പ്രണയ സാഫല്യത്തിന്റെ സന്തോഷം അനുഭവിപ്പിക്കാനും കഴിയുന്ന ഇത്തരം സിനിമകളാണ് നമുക്ക് വേണ്ടത്.

ഡബ്ബിംഗ് സിനിമകള്‍ പലതും കല്ലുകടിയായി മാറുമ്പോള്‍ ഒരു തരത്തിലും ബോറടിപ്പിക്കാത്ത മികച്ച മലയാളം ഡബ്ബിംഗാണ് സു ഫ്രം സോയെ മറ്റ് ഡബ്ബിംഗ് സിനിമകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.