സജീഷിന്റെ മരണം കൊലയെന്ന് സഹോദരന്‍-ചേര്‍പ്പ് പോലീസ് കേസെടുത്തു-

ളിപ്പറമ്പ്:ധര്‍മ്മശാല ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ റോയല്‍ കിച്ചണ്‍ ആന്റ് എക്യുപ്‌മെന്റ്‌സ് ജീവനക്കാരന്‍ ലോറിക്കിടയില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

സഹോദരന്‍ അജീഷ് ചേര്‍പ്പ് സ്റ്റേഷനില്‍ നല്‍കിയ പരാതി തളിപ്പറമ്പ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഒന്‍പതരക്കാണ് തൃശൂര്‍ ചേര്‍പ്പ് സ്വദേശി വെളുത്തേടത്ത് വീട്ടില്‍ സജീഷ്(39) ലോറിക്കിടയില്‍പ്പെട്ട് മരിച്ചത്.

നിര്‍ത്തിയിട്ടിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ടോറസ് ലോറി മുന്നോട്ട് എടുത്തപ്പോള്‍ വാഹനത്തിനടിയില്‍ നിന്നും ശബ്ദം കേട്ട് ഇറങ്ങി നോക്കിയ ഡ്രൈവര്‍ സജീഷ് പരിക്കേറ്റ് കിടക്കുന്നതാണ് കണ്ടത്.

ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടവിവരമറിഞ്ഞ് ബന്ധുക്കള്‍ സ്ഥലത്തെത്തി. മരണത്തില്‍ ദുരൂഹത ആരോപിച്ച് തളിപ്പറമ്പ് പോലീസില്‍ മൊഴി നല്‍കി.

മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

തുടര്‍ന്ന് സജീഷ് ജോലി ചെയ്തിരുന്ന ധര്‍മ്മശാലയിലെ കമ്പനിയില്‍ പൊതുദര്‍ശനത്തിന് വെക്കുകയും പിന്നീട് സ്വദേശമായ തൃശൂര്‍ ചേര്‍പ്പിലേക്ക് കൊണ്ട് പോകുകയും ചെയ്തു.

ഇക്കഴിഞ്ഞ ആഗസ്ത് 10 ന് പ്രദേശവാസിയായ ഒരാളും സജീഷുമായി അടിപിടി നടന്നിരുന്നു.

സജീഷ് ലോറിയുടെ അടിയില്‍ പോയി കിടന്നു എന്ന് പറയുന്നതിലും ദുരൂഹതയുണ്ടെന്ന് സഹോദരന്‍ പറയുന്നു.

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ഭാഗത്തെ സി.സി.ടിവി കാമറ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.