സൂര്യാഘാത സാധ്യത: പകല്‍ തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു
ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേള
വേനല്‍ക്കാലം ആരംഭിച്ച്, പകല്‍താപനില ഉയര്‍ന്ന് സൂര്യാഘാത സാഹചര്യമുള്ളതിനാല്‍ 1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25ലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെ പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവായതായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാഹചര്യമുള്ളതിനാല്‍ പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയാണ് നടപടി.
ഇതുപ്രകാരം പകല്‍ വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും.
ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ എട്ട് മണിക്കൂറായി നിജപ്പെടുത്തി.
ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിക്കുന്നതായി ലേബര്‍ ഓഫീസര്‍ (ഇ) അറിയിച്ചു.