സുരേഷ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു, ദീപ്തി ടീച്ചര്‍ക്ക് പണം തിരിച്ചുകിട്ടി.

പരിയാരം: ബാങ്ക് ജീവനക്കാരന്റെ ഇടപെലിലൂടെ ഇടപാടുകാരിയായ അധ്യാപികയുടെ നഷ്ടപ്പെട്ട പഴ്‌സും പണവും തിരിച്ചുകിട്ടി.

കാസര്‍ഗോഡ് പെരിയയില്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയായ പിലാത്തറ നരീക്കാംവള്ളിയിലെ ഒ.കെ.ദീപ്തിയുടെ പേഴ്‌സാണ് നഷ്ടപ്പെട്ടത്.

25,000 രൂപയോളമുണ്ടായിരുന്ന പേഴ്‌സാണ് പെരിയയില്‍ വെച്ച് നഷ്ടപ്പെട്ടത്.

ഉടമസ്ഥനെ തിരിച്ചറിയാന്‍ ബാഗില്‍ ആകെയുണ്ടായിരുന്നത് ചെറുതാഴം സര്‍വീസ് സഹകരണ ബാങ്കിലെ ഇടപാട് നടത്തിയ ഒരു പഴയ സ്ലിപ്പ് മാത്രമായിരുന്നു.

കേരളാ ബാങ്കിന്റെ യൂണിയന്‍ നേതാവായ രാജന്‍ ഈ സ്ലിപ്പ്
വെച്ച് ആളെ കണ്ടെത്താനായി ചെറുതാഴം ബാങ്ക് ജീവനക്കാരനും സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയുമായ പി.കെ.സുരേഷിനെ ബന്ധപ്പെടുന്നു.

ഇന്ന് ബാങ്ക് അവധിയാണെങ്കിലും വാട്‌സ്ആപ്പില്‍ കിട്ടിയ സ്ലിപ്പ്ഡീറ്റയില്‍സ് വെച്ച് സുരേഷ് നടത്തിയ അന്വേഷണത്തില്‍ ആളെ തിരിച്ചറിഞ്ഞു.

സുരേഷിന്റെ ഫോണ്‍കോള്‍ പണം നഷ്ടപ്പെട്ട് വിഷമിച്ചിരിക്കുകയായിരുന്ന ദീപ്തിക്ക് പുതുജീവനായി മാറി.

തുടര്‍ന്ന് നഷ്ടപ്പെട്ട പേഴ്‌സും പണവും പെരിയയിലെ സി.പി.എം നേതാവ് മഹേഷ് മുഖേന ദീപ്തിക്ക് കൈമാറി.