കൂറ് സി.പിഎമ്മിനോട് തന്നെ-സുരേഷ് കീഴാറ്റൂര്‍ വീണ്ടും സി.പിഎമ്മില്‍

തളിപ്പറമ്പ്: സി.പി.എമ്മിനെ വെല്ലുവിളിച്ച് കീഴാറ്റൂരില്‍ വയല്‍ക്കിളി സമരത്തിന് നേതൃത്വം നല്‍കിയ സുരേഷ് കീഴാറ്റൂര്‍ വീണ്ടും സി.പി.എം വേദിയില്‍.

ഇന്ന് വൈകുന്നേരം പൂക്കോത്ത്‌നടയിലെ കെ.കെ.എന്‍.പരിയാരം ഹാളില്‍ നടന്ന സി.പി.എം. 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് തളിപ്പറമ്പ് ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സുരേഷ് പങ്കെടുത്തു.

പാര്‍ട്ടി ക്ഷണിച്ചതുപ്രകാരം പങ്കെടുത്ത സുരേഷിനെ സംഘാടക സമിതിയുടെ വൈസ് ചെയര്‍മാനായും തെരഞ്ഞെടുത്തിട്ടുണ്ട്.

സമരകാലത്ത് സി.പിഎമ്മുമായി നിരന്തരം  കലഹിച്ച
ഇദ്ദേഹത്തിന്റെ വീടിന് നേരെ അക്രമം നടക്കുകയും ചെയ്തിരുന്നു.

ബി.ജെ.പിയിലേക്കും സി.പി.ഐയിലേക്കുമൊക്കെ സുരേഷ് പോകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും തന്റെ കൂറ് പാര്‍ട്ടിയോട് തന്നെ എന്ന് തെളിയിച്ചിരിക്കയാണ് സുരേഷ് കീഴാറ്റൂര്‍.

കീഴാറ്റൂര്‍ വയലില്‍ പുതിയ റോഡ് നിര്‍മ്മാണം തകൃതിയായി നടക്കുന്നതിനിടയിലാണ് സുരേഷ് വീണ്ടും സി.പിഎം വേദിയില്‍ സജീവമായിരിക്കുന്നത്.