രണ്ട് വനിതാ ജീവനക്കാരെ സസ്‌പെന്റ് ചെയ്തു

.തളിപ്പറമ്പ്: സി.പി.എം നിയന്ത്രണത്തിലുള്ള രണ്ട് പ്രമുഖ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍ക്കെതിരെ ശിക്ഷാനടപടി.

ലോക്കല്‍ കമ്മറ്റിയുടെ നിയന്ത്രണത്തിലുള്ള തളിപ്പറമ്പ് വനിതാ സഹകരണ സംഘം സെക്രട്ടെറി മഞ്ജുള, ഏരിയാ കമ്മറ്റിയുടെ കീഴിലുള്ള തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ റിസ്പഷനിസ്റ്റ് കവിത എന്നിവരെയാണ് പ്രാഥമിക നടപടിയായി സസ്പെന്റ് ചെയ്തത്.

ലീവെടുക്കാതെ സൊസൈറ്റിയില്‍ ഹാജരാകാതിരുന്നത് ചോദ്യം ചെയ്ത പ്രസിഡന്റിനോട് തട്ടിക്കയറി എന്നാരോപിച്ചാണ് മഞ്ജുളക്കെതിരെ നടപടി.

സുഖമില്ലെന്ന് പറഞ്ഞ് ലീവെടുത്ത് മറ്റ് പരിപാടികളില്‍ പങ്കെടുക്കുകയും ഡ്യൂട്ടി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനുമാണ് കവിതക്കെതിരെ നടപടിയെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

നേരത്തെ നഗരസഭയില്‍ സി.പി.എം കൗണ്‍സിലറായിരുന്നു മഞ്ജുള. ഇരുവരുടെയും ഭര്‍ത്താക്കന്‍മാര്‍ കെ.മുരളീധരനോടൊപ്പം സി.പി.ഐയില്‍ ചേര്‍ന്നിരുന്നു.

ഇരുവര്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ഇതാണ് കാരണമെന്ന് സി.പി.ഐ ജില്ലാ കമ്മറ്റി അംഗം കെ.മുരളീധരന്‍ പറഞ്ഞു.

വിവരം സി.പി.ഐ ജില്ലാ നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും തുടര്‍നടപടികള്‍ നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം നടപ്പിലാക്കുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.