സമാനതകളില്ലാത്ത സേവനവും സാന്ത്വനവും നമ്മളറിയണം പരിയാരത്തെ എസ്.വൈ.എസ് അല്‍ മഖര്‍ പ്രവര്‍ത്തകരെ.

പരിയാരം: കഴിഞ്ഞ 18 വര്‍ഷക്കാലമായി റംസാന്‍മാസത്തില്‍ സമാനതകളില്ലാത്ത സേവനപ്രവര്‍ത്തനങ്ങളുമായി സാന്ത്വനം എസ്.വൈ.എസ്-അല്‍മഖര്‍ പ്രവര്‍ത്തകര്‍.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കേന്ദ്രമായി റംസാന്‍മാസക്കാലത്ത് ഇഫ്ത്താര്‍, അത്താഴം എന്നിവ ഒരുക്കുന്ന ഇവര്‍ പ്രതിദിനം 600 മുതല്‍ 700 പേര്‍ക്കാണ് റമസാന്‍ മാസക്കാലത്ത് നോമ്പ് തുടക്കുള്ള സൗകര്യവും അത്താഴവും നല്‍കുന്നത്.

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, ചികിത്സയിലുള്ള കിടപ്പ് രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍, രോഗികളുടെ കൂട്ടിരിപ്പുകാര്‍ ചികിത്സ തേടിയെത്തുന്നവര്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്കാണ് വിപുലമായ ഇഫ്ത്താര്‍ ഒരുക്കി സ്‌നേഹ സാന്ത്വനത്തിന്റെ സായാഹ്നം തീര്‍ക്കുന്നത്.

എല്ലാവിഭാഗത്തിലുള്ളവര്‍ക്കും ജാതി-മതഭേദമില്ലാതെ റംസാന്‍കിറ്റ് നല്‍കുന്ന പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന ക്ലാസുകള്‍, മയ്യിത്ത് പരിപാലനം എന്നിവയും ഏറ്റെടുക്കുത്ത് നടത്തുന്നത് സദാ സേവന സന്നദ്ധരായ 30 സാന്ത്വനം പ്രവര്‍ത്തകരാണ്.

കരുണ വറ്റാത്ത ഹൃദയങ്ങളുടെ സഹായത്താല്‍ കൂടുതല്‍ സൗകര്യമായ സാന്ത്വന കേന്ദ്രം മെഡിക്കല്‍ കോളേജിന് സമീപത്തായി ഉദ്ഘാടനത്തിനൊരുങ്ങിയിട്ടുണ്ട്.

3 നിലകളിലായി ഡയാലിസിസ് സെന്റര്‍, ഡോര്‍മെറ്ററി, മയ്യിത്ത് പരിപാലനം, സൗജന്യഫാര്‍മസി, ഭക്ഷണ വിതരണം തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്.

റഫീഖ് അമാനി തട്ടുമ്മലിന്റെ നേതൃത്വത്തിലുള്ള സാന്ത്വനം ടീം ആണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കോവിഡ് കാലത്ത് അടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് നടന്നിരുന്നു.

ഇഫ്താര്‍ സംഗമത്തില്‍ മെഡിക്കല്‍ സുപ്രണ്ട്. ഡോ.കെ.സുദീപ്, പോലീസ് സര്‍ജന്‍ ഡോ.സന്തോഷ് ജോയി, ഹ്യദ്രോഗ വിഭാഗം തലവന്‍ ഡോ.എസ്.എം.അഷ്‌റഫ്, ഡപ്യൂട്ടി പോലീസ് സര്‍ജന്‍ ഡോ.ശ്രീകാന്ത്.എസ്.നായര്‍,

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാഘവന്‍ കടന്നപ്പള്ളി, എ.ബി.സി.ബഷീര്‍, മുഹമ്മദ് റഫീഖ് അമാനി. മുസ്തഫ ഹാജി ചൂട്ടാട്, .അസ്ലം മലേഷ്യ, ഇഖ്ബാല്‍ പള്ളിക്കര, സാമൂഹ്യ പ്രവര്‍ത്തകന്‍ റഫീക്ക് പാണപ്പുഴ എന്നിവര്‍ പങ്കെടുത്തു.