നഗരസഭ സെക്രട്ടെറിക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയവുമായി തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍

തളിപ്പറമ്പ്: നഗരസഭ സെക്രട്ടെറിക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയവുമായി തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍. 10-ാം വാര്‍ഡ് കൗണ്‍സിലര്‍ പി.സി.നസീര്‍ ആണ് പ്രമേയം അവതരിപ്പിക്കാനായി നോട്ടീസ് നല്‍കിയത്. 20-ാം വാര്‍ഡ് കൗണ്‍സിലര്‍ സി.പി.മനോജാണ് അനുവാദകന്‍. നവംബര്‍ 3 ന് ഉച്ചക്ക് ശേഷം രണ്ടിന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിക്കും.

29/03/2025 ന് നടന്ന തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഐക്യകണ്‌ഠേന പാസാക്കിയ 27-ാം നമ്പര്‍ അജണ്ട പ്രകാരം തളിപ്പറമ്പ് നഗരസഭയില്‍ അജൈവ മാലിന്യ ശേഖരണത്തിനായി ഹരിത കര്‍മ്മ സേനയായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മല്‍ ഭാരത് ട്രസ്റ്റുമായി കരാര്‍ പുതുക്കി എഗ്രിമെന്റ് വയ്ക്കാനുള്ള കൗണ്‍സില്‍ തീരുമാനം നടപ്പിലാക്കാതെ 7 മാസക്കാലത്തോളം നടപടി വൈകിപ്പിക്കുകയും മേല്‍ തീരുമാനത്തിന് വിരുദ്ധമായി നഗരസഭഭരണസമിതിയെയും ഉദ്യോഗസ്ഥരെയും അവഹേളിക്കുന്ന രീതിയില്‍ പത്രമാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്ത, ലീവില്‍ പ്രവേശിച്ച തളിപ്പറമ്പ് നഗരസഭ സെക്രട്ടറി കെ.പി. സുബൈര്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയതിനാല്‍ 2011 ലെ കേരള മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ മേല്‍ നിയന്ത്രണം ചട്ടങ്ങളിലെ ചട്ടം 10 പ്രകാരം നടപടി സ്വീകരിക്കാന്‍ കൗണ്‍സില്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു-എന്നതാണ്പ്രമേയം. പ്രതിപക്ഷം സെക്രട്ടെറിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് സാധ്യത ഏറെയാണ്.