ഒരു സീറ്റ് അധികം വേണമെന്ന് എ ഗ്രൂപ്പ്-ആദ്യം അര്‍ബന്‍ ബാങ്കില്‍ തങ്ങള്‍ക്ക് സീറ്റ് തരൂ എന്ന് ഐ വിഭാഗം-തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു.
തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് വേണമെന്ന് എ ഗ്രൂപ്പ്, ഇന്ന് വൈകുന്നേരം അറഫാത്ത് ടൂറിസ്റ്റ് ഹോമില്‍ ചേര്‍ന്ന എഗ്രൂപ്പ് പ്രവര്‍ത്തകരുടെ യോഗത്തിലാണ് തീരുമാനം.
ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും വേണ്ടെന്നാണ് യോഗത്തിന്റെ തീരുമാനമെന്ന് ഒരു എഗ്രൂപ്പ് നേതാവ് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.
ആകെ 11 സീറ്റുള്ള ബാങ്കില്‍ 5 സീറ്റ് മുസ്ലിംലീഗിനും 6 സീറ്റ് കോണ്‍ഗ്രസിനുമാണ്. ഇതില്‍ 2 സീറ്റ് എ വിഭാഗത്തിനും 4 സീറ്റ് ഐ ഗ്രൂപ്പിനുമാണ്.
ഇത്തവണ തങ്ങള്‍ക്ക് എസ്.സി.എസ്.ടി വിഭാഗത്തിന്റെ സീറ്റ് കൂടി വേണമെന്നാണ് എ വിഭാഗത്തിന്റെ ഡിമാന്റ്. പൂക്കോത്ത് തെരുവില്‍ നിന്നുള്ള ഒരാളെയാണ് എഗ്രൂപ്പ് ഇതിലേക്ക് ഉദ്ദേശിക്കുന്നതെന്നാണ് വിവരം.
പ്രമുഖ നേതാവ് കെ.രമേശന്റെ വിശ്വസ്തനെയാണ് ഈ സീറ്റിലേക്ക് പരിഗണിക്കുന്നത്. നിലവിലുള്ള കുഞ്ഞമ്മതോമസ്, ഐ ഗ്രൂപ്പ് വിട്ട് എ ഗ്രൂപ്പിലേക്ക് പോയ ഗോപി അള്ളാംകുളം എന്നിവരെയാണ് എ ഗ്രൂപ്പ് ഡയരക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
എഗ്രൂപ്പിന്റെ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ 3 സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച വേണ്ട എന്നാണ്
തീരുമാനം.
തളിപ്പറമ്പിലെ ഐ ഗ്രൂപ്പ് കരുത്ത് ചോര്‍ന്ന് നില്‍ക്കുന്നതിനാല്‍ തങ്ങളുടെ തീരുമാനം എളുപ്പത്തില്‍ നടപ്പിലാക്കാമെന്നാണ് എ ഗ്രൂപ്പ് ഉദ്ദേശിക്കുന്നതത്രേ.
നിലവിലുള്ള ബാങ്ക് പ്രസിഡന്റും തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റുമായ അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്നാണ് ഐ ഗ്രൂപ്പ് എടുത്തിട്ടുള്ള നിലപാടെന്നാണ് വിവരം.
അത്ര സജീവമല്ലാത്ത ഐ.ഗ്രൂപ്പിലെ പ്രമുഖ നേതാവ് സി.സി.ശ്രീധരനെ ഡയരക്ടറായി മല്‍സരിപ്പിക്കാന്‍ ഐ ഗ്രൂപ്പില്‍ ആലോചനകളുണ്ടെങ്കിലും തനിക്ക് താല്‍പര്യമില്ലെന്നാണ് ശ്രീധരന്റെ നിലപാട്.
എ ഗ്രൂപ്പിന്റെ അധീനതയിലുള്ള തളിപ്പറമ്പ് അര്‍ബന്‍ ബാങ്കില്‍ ഇതേവരെ ഐ വിഭാഗത്തിന് ഒരു സീറ്റ് നല്‍കിയിട്ടില്ലെന്നും നിലവില്‍ വൈസ് പ്രസിഡന്റായിരുന്ന ശ്രീനിവാസന്‍ രാജിവെച്ച ഒഴിവില്‍ ഐ ഗ്രൂപ്പില്‍ പെട്ടയാളെ ഡയരക്ടറാക്കണമെന്നാണ് ഐ വിഭാഗത്തിന്റെ ആവശ്യം.
അത് അംഗീകരിക്കാതെ എ വിഭാഗത്തിന് അധികം സീറ്റ് ചോദിക്കാന്‍ അര്‍ഹതയില്ലെന്നും ഐ ഗ്രൂപ്പിന്റെ പ്രമുഖ നേതാവ് പറഞ്ഞു. ഒക്ടോബര്‍ 8 നാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
