സമഗ്ര വികസനത്തിലൂന്നിയ തളിപ്പറമ്പ് മോഡല്‍ ലക്ഷ്യം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
തളിപ്പറമ്പ്: ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സമഗ്ര വികസനത്തിലൂന്നിക്കൊണ്ടുള്ള തളിപ്പറമ്പ് മോഡലാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണഎക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
തളിപ്പറമ്പ് മണ്ഡലത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് ഏഴാം മൈല്‍ ഹജ്മൂസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തരിശു രഹിത തളിപ്പറമ്പെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കും. പുതിയ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കും.
1100 കോടിയോളം രൂപയുടെ വിവിധ പ്രവൃത്തികളാണ് മണ്ഡലത്തില്‍ ഇപ്പോള്‍ നടപ്പാക്കുന്നത്.
മണ്ണ് ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി 64 കോടി രൂപയുടേയും ജല ജീവന്‍ മിഷന്റെ ഭാഗമായി 200 കോടി രൂപയുടെയും പ്രവൃത്തികള്‍ മണ്ഡലത്തില്‍ നടന്നുവരുന്നുണ്ട്.
ചൊറുക്കളബാവുപ്പറമ്പ്മയ്യില്‍എയര്‍പോര്‍ട്ട് ലിങ്ക് റോഡ് ഉള്‍പ്പെടെ 551.63 കോടി രൂപയുടെ വിവിധ റോഡുകളുടെ പ്രവൃത്തികളും പുരോഗമിക്കുകയാണ്.
മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ 40 കോടിയോളം രൂപയുടെ ടൂറിസം പദ്ധതികള്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി,
ഒടുവള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലായി 80 കോടി രൂപയുടെ പ്രവൃത്തിയും ഉള്‍പ്പടെ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു.
ടൂറിസം രംഗത്തെ സമഗ്ര വികസനം ലക്ഷ്യമിട്ട് തളിപ്പറമ്പ് കേന്ദ്രമായി ടൂറിസം പദ്ധതി രൂപപ്പെടുത്തും.
പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, സുക്കോളച്ചന്‍ പള്ളി, തളിപ്പറമ്പ് മോസ്‌ക് തുടങ്ങിയ ഒമ്പതോളം ആരാധനാലയങ്ങളെ ഉള്‍പ്പെടുത്തി തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് രൂപീകരിക്കും.
പറശ്ശിനിക്കടവ് ടൂറിസത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സെമിനാറിന്റെ ഭാഗമായി മണ്ഡലത്തിന്റെ സര്‍വതല സ്പര്‍ശിയായ വികസനത്തിനും സുസ്ഥിര വളര്‍ച്ചയ്ക്കുമായി 13 വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഗ്രൂപ്പ് ചര്‍ച്ച നടത്തി.
തളിപ്പറമ്പ് മണ്ഡലം വികസനസംഘാടക സമിതി ചെയര്‍മാന്‍ വേലിക്കാത്ത് രാഘവന്‍ അധ്യക്ഷനായി. അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു.
കെ ദാമോദരന്‍ മാസ്റ്റര്‍ കരട് വികസന രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിഎം കൃഷ്ണന്‍,
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബര്‍ട്ട് ജോര്‍ജ്, പി കെ പ്രമീള, ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി മുകുന്ദന്‍, തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി,
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വികെ സുരേഷ് ബാബു, അംഗങ്ങളായ തോമസ് വക്കത്താനം, എന്‍ വി ശ്രീജിനി, മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്‌ന,
കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി, മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രമണി, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍,
തളിപ്പറമ്പ് മണ്ഡലം വികസനസംഘാടക സമിതി കണ്‍വീനര്‍ കെ.സന്തോഷ്, എന്‍.സി.പി ജില്ലാ സെക്രട്ടറി അനില്‍ പുതിയ വീട്ടില്‍,
സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
