താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂറും ഫാര്‍മസിസ്റ്റിന്റെ സേവനം വേണം-തളിപ്പറമ്പ് താലൂക്ക് വികസന സമിതി
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ 24 മണിക്കൂറും ഫാര്‍മസിസ്റ്റിന്റെ സേവനം അനുവദിക്കാന്‍ താലൂക്ക് വികസനസമിതി യോഗം ഡി.എം.ഒയോട് ആവശ്യപ്പെട്ടു.

ഇപ്പോള്‍ 24 മണിക്കൂറും അത്യാഹിതവിഭാഗം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അസമയത്ത് രോഗവുമായി എത്തുന്നവര്‍ക്ക് പിറ്റേദിവസം രാവിലെ 8 ന് ഫാര്‍മസി തുറക്കുന്നതുവരെ മരുന്നിനായി കാത്തുനില്‍ക്കേണ്ടി വരുന്ന ദുരവസ്ഥ വികസനസമിതി മുമ്പാകെ ചൂടേറിയ ചര്‍ച്ചക്ക് കാരണമായി.
ഫലത്തില്‍ അത്യാഹിതവിഭാഗത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്നതിന് സമമാണ് മരുന്ന് നല്കാന് ഫാര്മസിസ്റ്റില്ലാത്തതെന്ന് അംഗങ്ങള്‍ പറഞ്ഞു.
അഞ്ച് പുതിയ ഫാര്മസിസ്റ്റുകളെകൂടി നിയമിച്ചാല്‍ മാത്രമേ 24 മണിക്കൂറും ഫാര്‍മസി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന് ആശുപത്രി അധികൃതര്‍ സമിതി മുമ്പാകെ അറിയിച്ചു.
രാത്രി താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തുന്നവര്‍ക്ക് എഴുതിനല്കുന്ന മരുന്ന് വാങ്ങാന്‍ സ്വകാര്യ ആശുപത്രികളില്‍ പോകേണ്ട സ്ഥിതിയായതിനാല്‍ രോഗികള്‍ താലൂക്ക് ആശുപത്രിയില്‍ വരാതെ സ്വകാര്യ ആശുപത്രികൡലേക്കാണ് ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്.
സൗജന്യമായി താലൂക്ക് ആശുപത്രിയില്‍ ലഭിക്കുന്ന ചികില്‍സക്ക് സ്വകാര്യ ആശുപത്രികളില്‍ വലിയ പണച്ചെലവ് ഇതുമൂലം ഉണ്ടാവുന്നുണ്ടെന്നും അടിയന്തിരമായി പരിഹാരം കാണണമെന്നും അംഗങ്ങള്‍ നിര്‍ദ്ദേശിച്ചു.
കടുത്ത ജലദൗര്‍ലഭ്യം നേരിടുന്ന പുഷ്പഗിരി ഗാന്ധിനഗര്‍-കരിമ്പം ഒറ്റപ്പാല നഗര്‍ പ്രദേശത്തുകാരുടെ ഏറെ നാളായുള്ള ആവശ്യപ്രകാരം വാട്ടര്‍ അതോറിറ്റി ഒറ്റപ്പാല കുന്നിന് മുകളില്‍ സ്ഥാപിച്ച പുതിയ വാട്ടര്‍ ടാങ്കിലേക്ക് കണക്ഷന് നല്‍കാനുള്ള വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നുള്ള കാലതാമസം കടുത്ത വിമര്ത്തിനിടയാക്കി.
2020 മുതല്‍ പ്രദേശവാസികള്‍ നടത്തിയ പ്രയത്നത്തിന്റെ ഫലമായി സ്ഥാപിക്കപ്പെട്ട 2 കോടി രൂപ ചെലവഴിക്കപ്പെട്ട ടാങ്കിലേക്ക് വാട്ടര്‍ കണക്ഷന് നല്കാന് മെയ്മാസത്തില്‍ തന്നെ അനുമതിയായെങ്കിലും വാട്ടര്‍ അതോറിറ്റി അധികൃതര്‍ അനാസ്ഥ തുടരുകയാണെന്ന് ഗാന്ധിനഗര്‍ വികസനസമിതി ചെയര്മാന് എ.സി.മാത്യു പരാതിപ്പെട്ടു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ ടാങ്കിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ മുഴുവനായും പൂര്‍ത്തീകരിച്ചതാണെന്നും കൂനം-കാഞ്ഞിരങ്ങാട്-ആടിക്കുംപാറ മെയിന്‍ പൈപ്പ്ലൈനില്‍ നിന്നും ഈ ടാങ്കിലേക്ക് കണക്ഷന് നല്കാന് അഞ്ച് മീറ്ററോളം നീളത്തില്‍ കണക്ഷന് പൈപ്പ് മാത്രമേ ഇനി സ്ഥാപിക്കാന്‍ ബാക്കിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി തലത്തില്‍ ഇടപെട്ടിട്ടും ഉദ്യോഗസ്ഥര്‍ അനാസ്ഥ തുടരുകയാണെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവും വികസനസമിതി അംഗവുമായ ടി.എസ്.ജയിംസ് പറഞ്ഞു.
ഒടുവില്‍ പ്രശ്നം അടിയന്തിരമായി പരിഹരിക്കാന്‍ സമിതി യോഗം വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്കി.
ചന്ദനക്കാംപാറ-കണ്ണൂര്‍-ഏരുവേശി ബസ് പുന;സ്ഥാപിക്കാന്‍ പുതിയ ബസ് എത്തിയാല്‍ മാത്രമേ സാധിക്കുകയുള്ളൂവെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ സമിതി യോഗത്തെ അറിയിച്ചു.
നിരവധി പരാതികളാണ് സമിതി മുമ്പാകെ പരിഗണനക്ക് എത്തിയത്.
നഗരസഭാ വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന് അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് ആര്.ഡി.ഒ സി.കെ.ഷാജി, തഹസില്‍ദാര്‍ പി.സജീവന്, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.അബ്ദുള്‍മജീദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി.ഷെറില്‍ബാബു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
