തളിപ്പറമ്പ് മന്ന ജംഗ്ഷനില്‍ ഭൂമിയേറ്റെടുത്ത് റോഡ് വീതികൂട്ടും-ഡിസൈന്‍ സമര്‍പ്പിക്കാന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തി.
തളിപ്പറമ്പ്: ഒടുവില്‍ അത് യാഥാര്‍ത്ഥ്യമാവുന്നു, തളിപ്പറമ്പ്-ആലക്കോട് റോഡില്‍ മന്ന ഭാഗത്ത് സ്ഥലം അക്വയര്‍ചെയ്ത് റോഡ് വീതികൂട്ടി ട്രാഫിക് ഐലന്റ് സ്ഥാപിക്കാന്‍ വഴിയൊരുങ്ങുന്നു.
മന്ന ജംഗ്ഷനില്‍ ഇന്ന് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ഡിസൈന്‍ തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡ്‌സ് വിഭാഗം നാറ്റ്പാക്കിനോട് ആവശ്യപ്പെട്ടു.
ഡിസൈനിംഗ് ജോലികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്ാനാണ് നിര്‍ദ്ദേശം. സംസ്ഥാനപാത-36 ല്‍(തളിപ്പറമ്പ്-ഇരിട്ടി) നിന്നും ആലക്കോട് ഉള്‍പ്പെടെയുള്ള മലയോര പ്രദേശങ്ങളിലേക്ക് പോകുന്ന റോഡില്‍ നിരന്തരം ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
ഇത് പരിഹരിക്കാന്‍ നടപടികള്‍ വേണമെന്നാവശ്യപ്പെട്ട് മുന്‍ എ.ഡി.എം എ.സി.മാത്യു രംഗത്തിറങ്ങിയിരുന്നു.
കഴിഞ്ഞ 5 വര്‍ഷത്തിലധികമായി അദ്ദേഹം തളിപ്പറമ്പ് താലൂക്ക് വികസനസമിതി മുമ്പാകെ പ്രശ്‌നം അവതരിപ്പിച്ചുകൊണ്ടിരിക്കയാണ്.
വിവിധ തലങ്ങളില്‍ ഈ പ്രശ്‌നം ഗൗരവമേറിയ ചര്‍ച്ചയായി മാറിയതോടെയാണ് പൊതുമരാമത്ത് വകുപ്പ് ഇത് സജീവ പരിഗണനയില്‍ എടുത്തത്.
അധികം താമസിയാതെ ഇത് സംബന്ധിച്ച് നടപടികളുണ്ടാകുമെന്നാണ് സൂചന. തുടര്‍നടപടികളും താലൂക്ക് സഭയില്‍ വിലയിരുത്താനും തീരുമാനമായിട്ടുണ്ട്.
എ.സി.മാത്യുവിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു-
മന്ന ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി തളിപ്പറമ്പ് താലൂക്ക് വികസന സമിതിക്ക് മുന്നില്‍ നിരവധി പദ്ധതികള്‍ അവതരിപ്പിച്ച മുന്‍ എ.ഡി.എം എ.സി.മാത്യുവിന്റെ
പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങിയതിന്റെ തെളിവാണ് പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ തയ്യാറാക്കുവാന്‍ നാറ്റ്പാക്കിനോട് ആവശ്യപ്പെട്ടത്.
താലൂക്ക് വികസന സമിതി മുമ്പാകെ കഴിഞ്ഞ 5 വര്‍ഷത്തിലേറെയായി മുടങ്ങാതെ ഹാജരായിട്ടാണ് റോഡ് വികസനത്തനായി ഇദ്ദേഹം വാദിച്ചത്.
തന്റെ സ്വതസിദ്ധമായ വാഗ്വിലാസം കൊണ്ട് എതിര്‍പ്പുകളെയെല്ലാം തട്ടിമാറ്റിയ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതലൊന്നും പറയാനുണ്ടായിരുന്നില്ല.
ഇപ്പോള്‍ പരാതികളില്‍ നിന്നും ഡിസൈനിങ്ങിലേക്ക് എത്തുമ്പോള്‍ അത് എ.സി.മാത്യുവിന്റെ വ്യക്തിപരമായ വിജയമായി മാറുകയാണ്.
