തളിപ്പറമ്പ് ജോ.ആര്‍.ടി.ഒ ഓഫീസില്‍ കെട്ടിക്കിടക്കുന്നത് 8000 ടെസ്റ്റിങ്ങ് അപേക്ഷകള്‍-പരാതിയുമായി അപേക്ഷകര്‍-

തളിപ്പറമ്പ്: തളിപ്പറമ്പ് ജോ.ആര്‍.ടി.ഒ പരിധിയില്‍ ഡ്രൈവിംഗ് പരിശീലനത്തിന്റെ 8000 ഫയലുകള്‍ കെട്ടിക്കിടക്കുന്നതായി പരാതി.

ഒന്നാംഘട്ട കോവിഡ് ബാധക്ക് ശേഷം ജൂലായ് 19 നാണ് ടെസ്റ്റ് പുനരാരംഭിച്ചത്.

രണ്ട് എം.വി.ഐമാരും മൂന്ന് എ.എം.വി.ഐമാരുമുള്ള കണ്ണൂര്‍, തലശേരി ഓഫീസുകള്‍ക്ക് കീഴില്‍ പ്രതിദിനം 120 ടെസ്റ്റുകള്‍ നടക്കുമ്പോഴാണ്

മൂന്ന് എം.വി.ഐമാരും മൂന്ന് എ എം.വി.ഐമാരുമുള്ള തളിപ്പറമ്പ് ജോ.ആര്‍.ടി.ഒ ഓഫീസിന് കീഴില്‍ കേവലം 60 ടെസ്റ്റുകള്‍ മാത്രം നടക്കുന്നത്.

ഒരു എം.വി.ഐയും രണ്ട് എഎം.വി.ഐമാരുമുള്ള ഇരിട്ടി, പയ്യന്നൂര്‍ എം.വി.ഐമാര്‍ക്ക് കീഴില്‍ മാത്രം 60 ടെസ്റ്റുകള്‍ വീതം ഇപ്പോള്‍ നടക്കുന്നുണ്ട്.

ഇതില്‍ ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് തളിപ്പറമ്പ് ഓഫീസിന് കീഴിലാണ്.

ബാക്കികിടക്കുന്ന 8000 അപേക്ഷകളില്‍ എപ്പോള്‍ ടെസ്റ്റ് നടത്തി ലൈസന്‍സുകള്‍ കൊടുക്കാനാവുമെന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് യാതൊരു മറുപടിയുമില്ല.

ഈ സെപ്തംബര്‍ 30 ന് കാലാവധിയാവുന്ന അപേക്ഷകളാണ് പരിഗണിക്കാനുള്ളത്. അതിന് മുമ്പ് ടെസ്റ്റ് നടത്താത്തപക്ഷം ഈ അപേക്ഷകരെല്ലാം വീണ്ടും പണമടച്ച് അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്.

ഇത് സംബന്ധിച്ച് കണ്ണൂര്‍ ആര്‍.ടി.ഒക്ക് മുന്നിലും തളിപ്പറമ്പ് ജോ.ആര്‍.ടി.ഒക്ക് മുന്നിലും അപേക്ഷകര്‍ പരാതിയുമായി എത്തിയെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.

രണ്ട് ബാച്ചുകളായി ടെസ്റ്റ് നടത്തിയാല്‍ പ്രതിദിനം 120 പേര്‍ക്ക് ടെസ്റ്റ് നല്‍കാമെന്നിരിക്കെ ആവശ്യത്തിലേറെ ഉദ്യോഗസ്ഥര്‍

ഉണ്ടായിരുന്നിട്ടും ഇക്കാര്യത്തില്‍ തീരുമാനമാകാത്തത് ദുരൂഹമാണന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സ്വന്തമായി ഒരേക്കര്‍ വിസ്തീര്‍ണമുള്ള ഓട്ടോമാറ്റിക് ടെസ്റ്റിങ്ങ് ഗ്രൗണ്ട് ഉണ്ടായിട്ടും കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത

തളിപ്പറമ്പിലെ മോട്ടോര്‍വാഹന വിഭാഗത്തിനെതിരെ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് അപേക്ഷകര്‍.