കൂട്ടുംമുഖം സി.എച്ച്.സിയില്‍ കിടത്തിച്ചികില്‍സ ആരംഭിക്കും, അടുത്തമാസത്തോടെ തീരുമാനം-

തളിപ്പറമ്പ്: കൂട്ടുംമുഖം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റില്‍ കിടത്തിച്ചികില്‍സ ആരംഭിക്കുന്നത് സംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനമെടുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രതിനിധി തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തെ അറിയിച്ചു.

കിടത്തി ചികില്‍സക്കുള്ള വാര്‍ഡുകളും മറ്റ് സംവിധാനങ്ങളും നിലവിലുണ്ടെങ്കിലും മൂന്ന് ഷിഫ്റ്റില്‍ ജീവനക്കാര്‍ ഉണ്ടായാല്‍ മാത്രമേ കിടത്തിച്ചികില്‍സ ആരംഭിക്കാനാവൂവെന്ന് എന്‍.എച്ച്.എം പ്രതിനിധി ഡോ.സന്തോഷ് വികസനസമിതിയെ അറിയിച്ചു.

ഏരുവേശി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.നാരായണന്‍ മാസ്റ്ററാണ് ഇത് സംബന്ധിച്ച പരാതി വികസനസമിതി മുമ്പാകെ ഉന്നയിച്ചത്.

ഏരുവേശി, പയ്യാവൂര്‍ ഗ്രാമപഞ്ചായത്തുകളിലും ശ്രീകണ്ഠാപുരം നഗരസഭയിലും കിടത്തിച്ചികില്‍സയുള്ള സര്‍ക്കാര്‍ ആശുപത്രികളില്ലെന്ന് പരാതിയില്‍ പറയുന്നു.

കിടത്തിച്ചികില്‍സാ വാര്‍ഡില്‍ ഇപ്പോള്‍ ആശുപത്രി ഓഫീസാണ് പ്രവര്‍ത്തിച്ചുവരുന്നത്.

ഏരുവേശി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജോലിചെയ്തിരുന്ന ഡോ.എസ്.ബി.വൈശാഖിനെ വര്‍ക്ക് അറേഞ്ച്‌മെന്റിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്ക്

മാറ്റിയതിന് പകരം പുതിയ ഡോക്ടറെ ഏരുവേശി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മന്ന ജംഗ്ഷനിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍

രൂപരേഖ തയ്യാറാക്കാന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും തുടര്‍നടപടികള്‍ വൈകുന്നതിനെതിരെ യോഗത്തില്‍ പരാതി ഉയര്‍ന്നു.

തളിപ്പറമ്പ് നഗരത്തിലെ ട്രാഫിക് പ്രശ്‌നങ്ങളും അനധികൃത കയ്യേറ്റങ്ങളും നിയന്ത്രിക്കുന്നതിനും സീബ്രാലൈനുകള്‍ മാഞ്ഞുപോയത് വീണ്ടും വരക്കുന്നതിലെ കാലതാമസവും ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 6 ന് ട്രാഫിക് റഗുലേറ്ററി കമ്മറ്റിയുടെ യോഗം ചേരാനും തീരുമാനമായി.

ദേശീയപാതയില്‍ അഞ്ചിടത്തെ സീബ്രാലൈനുകള്‍ മാഞ്ഞുപോയത് പുനസ്ഥാപിക്കാന്‍ വൈകുന്നത് കടുത്ത പ്രതിഷേധത്തിനിടയാക്കി. സര്‍ക്കാര്‍ പുതുതായി ആരംഭിക്കുന്ന കെ-ഫോണ്‍ വഴിയുള്ള സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം വായനശാലകള്‍ക്ക് ലഭ്യമാക്കണമെന്ന എം.നാരായണന്‍ മാസ്റ്ററുടെ പരാതി സര്‍ക്കാറിലേക്ക് അയക്കാനും യോഗം നിര്‍ദ്ദേശിച്ചു.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നിലെ പഴയ ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ പ്രീ-മണ്‍സൂണ്‍ പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തി പൊളിച്ചുനീക്കാന്‍ യോഗം തീരുമാനിച്ചു.

ഇതുസംബന്ധിച്ച് പൊതുമരാമത്ത് അസി.എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാധ്യമപ്രവര്‍ത്തകന്‍ കരിമ്പം.കെ.പി.രാജീവന്‍ ഇത് സംബന്ധിച്ച് നല്‍കിയ പരാതിയിലാണ് തീരുമാനം.

 

വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടല്‍ തടയുന്നതിനായി തഹസില്‍ദാറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം വിളിക്കും.

വീടുകളിലേക്കുള്ള കണക്ഷനുകളിലും മെയിന്‍ ലൈനുകളിലും പൈപ്പുകള്‍ കുഴിച്ചിടുന്നതില്‍ വന്‍ക്രമക്കേടെന്ന് നഗരസഭാ കൗണ്‍സിലറും മുന്‍ കൗണ്‍സിലറും പരാതിപ്പെട്ടു.

ഇന്ന് നടന്ന തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തിലാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നുവന്നത്.

മാസങ്ങളായുള്ള എട്ട് പരാതികളാണ് ഇന്ന് യോഗം പരിഗണിച്ചത്. തളിപ്പറമ്പ് നേതാജി വാര്‍ഡ് കൗണ്‍സിലര്‍ സി.പി.മനോജും മുന്‍ കൗണ്‍സിലര്‍ സി.സി.ശ്രീധരനും ഇത് സംബന്ധിച്ച് ഉന്നയിച്ച

പരാതികളുടെ അടിസ്ഥാനത്തിലാണ് തഹസില്‍ദാരെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്ത് പ്രശ്‌നപരിഹാരം കാണാന്‍ ആര്‍.ഡി.ഒ നിര്‍ദ്ദേശിച്ചത്.

ഒരു മീറ്റര്‍ ആഴത്തില്‍ കുഴിച്ചിടേണ്ട പൈപ്പുകള്‍ അരമീറ്റര്‍ മാത്രം ആഴത്തില്‍ കുഴിച്ചിടുന്നത് കാരണമാണ് വ്യാപകമായി പൊട്ടുന്നതെന്നാണ് ആരോപണം ഉയര്‍ന്നുവന്നത്.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം കൊയ്യം ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി, തഹസില്‍ദാര്‍ ആഷിഖ് തോട്ടോന്‍,

നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ്‌നിസാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.