പിന്‍വലിപ്പിക്കാന്‍ നേതൃത്വം; ഉറച്ചുനില്‍ക്കുമെന്ന് വിമതര്‍-തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പില്‍ ജാതിക്കാര്‍ഡും.
തളിപ്പറമ്പ്: വിമതരുടെ പത്രിക പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദ തന്ത്രവുമായി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി രംഗത്ത്.
തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് തെരഞ്ഞെപ്പില്‍ മല്‍സരരംഗത്തുള്ള മൂന്ന് വിമത സ്ഥാനാര്‍ത്ഥികളുടെ പത്രിക പിന്‍വലിപ്പിക്കാന്‍ ഔദ്യോഗിക നേതൃത്വം കൊണ്ടുപിടിച്ച് ശ്രമം ആരംഭിച്ചു.
എന്നാല്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് വിമതര്‍.
ഇന്ന് നടന്ന പത്രികകളുടെ സൂക്ഷ്മപരിശോധനയില്‍ എല്ലാ പത്രികകളും സ്വീകരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച്ചയാണ് പിന്‍വലിക്കാനുള്ള അവസാനദിവസം.
മുന്‍ മണ്ഡലം പ്രസിഡന്റ് ടി.വി.രവി, മണ്ഡലം ജന.സെക്രട്ടെറി നൗഷാദ് ഇല്യംസ്, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ചക്കര ദാമോദരന്‍, എന്നിവരാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മല്‍സരിക്കാന്‍ പത്രിക നല്‍കിയിരിക്കുന്നത്.
ഇന്നലെ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതിയുടെ നേതൃത്വത്തില്‍ വിമതരുമായി ബന്ധപ്പെട്ടുവെങ്കിലും ഇവര്‍ മല്‍സര രംഗത്ത് ഉറച്ചുനില്‍ക്കുന്നതായിട്ടാണ് പറഞ്ഞത്.
അടുത്ത ദിവസം കണ്ണൂരിലെത്തുന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ഇടപെട്ട് ഇവരെക്കൊണ്ട് പത്രിക പിന്‍വലിപ്പിക്കാമെന്ന വിശ്വാസത്തിലാണ് നേതൃത്വം.
അതിനിടെ വിവാദമായ പൂക്കോത്ത് തെരവില്‍ നിന്നുള്ള ടി.സുകുമാരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്നവരെ പ്രതിരോധിക്കാന്‍ ജാതിക്കാര്‍ഡ് പോലും പിറത്തെടുത്തിരിക്കയാണ് ഔദ്യോഗിക വിഭാഗമെന്ന് വിമതവിഭാഗം ആരോപിച്ചു.
അതേസമയം ആരൊക്കെ പിന്‍മാറിയാലും താന്‍ മല്‍സര രംഗത്ത് ഉറച്ചുനില്‍ക്കുമെന്ന് മുന്‍ മണ്ഡലം പ്രസിഡന്റ് ടി.വി.രവി പറഞ്ഞു.
