മെയിന്‍ റോഡ് വഴി ബസുകളോടിക്കാന്‍ നടപടിയെടുക്കുമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം-

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍  റോഡ് വഴി ബസുകള്‍ ഓടിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു.

ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനപ്പള്ളി ഗോപാലന്‍ ഇത് സംബന്ധിച്ച് നല്‍കിയ പരാതി പരിഗണിക്കവെയാണ് ഈ ആവശ്യമുയര്‍ന്നത്.

സര്‍വകക്ഷിയോഗം ഇതുവഴി ബസ് സര്‍വീസ്  നടത്തണമെന്നാവശ്യപ്പെട്ടിട്ടും ബസ് ജീവനക്കാര്‍ ഏകപക്ഷീയമായി ഇത് ലംഘിക്കുകയാണുണ്ടായതെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി സമവായമുണ്ടാക്കുമെന്നും അധ്യക്ഷത വഹിച്ച നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ പറഞ്ഞു.

തളിപ്പറമ്പ് ബ്ലോക്ക് പരിധിയിലെ 9 ഗ്രാമപഞ്ചായത്തുകളിലെ പട്ടികജാതി കോളനികളില്‍ കെല്‍ട്രോണ്‍ സ്ഥാപിച്ച സൗരോര്‍ജ തെരുവ് വിളക്കുകള്‍ കേടായത് റിപ്പേര്‍ ചെയ്യാന്‍ കെല്‍ട്രോണ്‍ അലംഭാവം കാണിക്കുന്നതില്‍ രൂക്ഷമായ പ്രതിഷേധമാണ് യോഗത്തില്‍ ഉയര്‍ന്നത്.

നഗരസഭാ പരിധിയിലെ കടകളിലും ഷോപ്പിംഗ് മാളുകളിലും ആവശ്യമായ ശുചിമുറി സൗകര്യങ്ങളില്ലാത്തത് പരിഹരിക്കാന്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കുമെന്ന് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുള്‍സത്താര്‍ പറഞ്ഞു.

കൂട്ടുമുംഖം സി.എച്ച്.സിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ഡി.എം.ഒ യോഗത്തെ അറിയിച്ചു.

ചപ്പാരപ്പടവ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദേശീയപാത വികസനത്തിനെന്ന പേരില്‍ വ്യാപകമായി കുന്നിടിക്കുന്നത് നിര്‍ത്തിവെപ്പിച്ചതായി തഹസില്‍ദാര്‍ പി.സജീവന്‍ യോഗത്തെ അറിയിച്ചു.

വിനോദസഞ്ചാര കേന്ദ്രമായ പാലക്കയംതട്ടിലേക്ക് കണ്ണൂരില്‍ നിന്നും മലപ്പട്ടം, ചെമ്പേരി, ഏരുവേശി, കുടിയാന്‍മല വഴി കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്ന ഏരുവേശി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.നാരായണന്‍ മാസ്റ്ററുടെ പരാതി കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് കൈമാറാന്‍ യോഗം നിര്‍ദ്ദേശിച്ചു.

ഏരുവേശി കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കാന്‍ നടപടി ഉണ്ടാകണമെന്നും പൂപ്പറമ്പ് നാല് സെന്റ് കോളനിയില്‍ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.

ആലക്കോട് പഞ്ചായത്തിലെ കോടോപ്പള്ളി ഹരിജന്‍ കോളനിയില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം ലഭിക്കാന്‍ നടപടി ഉണ്ടാകണമെന്ന് നിവാസികള്‍ ആവശ്യപ്പട്ടു.

ചെങ്ങളായി പഞ്ചായത്തിലെ പാറക്കാടി തേടിന് സൈഡ് കെട്ടുന്നതിലേക്കായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് 15 ലക്ഷം രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടി പൂര്‍ത്തികരിച്ചിട്ടും പ്രവര്‍ത്തി ആരംഭിച്ചിട്ടില്ലെന്നും മഴക്ക് മുമ്പ് പ്രവര്‍ത്തി ആരംഭിക്കണമെന്നും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൊയ്യം ജനാര്‍ദ്ദനന്‍ ആവശ്യപ്പെട്ടു.

പരിയാരം പഞ്ചായത്തിലെ തലോറയില്‍ പൊതു സ്ഥലം കൈയ്യേറി വഴി തടസ്സപ്പെടുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തലോറ അഴീക്കോടന്‍ സ്മാരാകവയനശാല ഗ്രന്ഥാലയം സെക്രട്ടരി പരാതി നല്കി.

കരിമ്പത്തെ താലൂക്ക് ആശുപത്രി പരിസരത്തെ വാട്ടര്‍ അതോറിറ്റിയുടെ പൊതു ടാപ്പ് നിലനിര്‍ത്താന്‍ നടപടി ഉണ്ടകണമെന്ന് കരിമ്പം കെ.പി.രാജീവന്‍ആവശ്യപ്പെട്ടു.

വികസന സമിതി യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതും ചര്‍ച്ചയായി.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൊയ്യം ജനാര്‍ദ്ദനന്‍, തളിപ്പറമ്പ് നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍ ,ഇരിക്കൂര്‍ എം.എല്‍.എ യുടെ പ്രതിനിധി ജോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.

താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: കെ.ടി. രേഖ, കെ.എസ്.ഇ.ബി.അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി. ജ്യോതിന്ദ്രനാഥ്,

ഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുള്‍ സത്താര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. തളിപ്പറമ്പ് തഹസില്‍ദാര്‍ പി.സജീവന്‍ സ്വാഗതവും ഭൂരേഖ തഹസില്‍ദാര്‍ ടി.ആഷിക്ക് നന്ദിയും പറഞ്ഞു .