ചിറവക്കില്‍ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ വരും-സ്‌ക്കൂള്‍ അധികൃരുടെ അനാവശ്യ ഇടപെടലില്‍ വികസനസമിതി യോഗത്തില്‍ വിമര്‍ശനം.
തളിപ്പറമ്പ്: ദേശീയപാതയോരത്ത് ചിറവക്കില്‍ പുതിയ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ അടിയന്തിരമായി നടപടികള്‍
സ്വീകരിക്കുമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ വ്യക്തമാക്കി.
ഇതിനെതിരെ ദേശീയപാതയോരത്തെ ഒരു സ്‌ക്കൂള്‍ അധികൃതര്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നതായി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
വര്‍ഷങ്ങളായി ഇവിടെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ സ്ഥാപിക്കണമെന്ന് പൊതുജനങ്ങള്‍ ആവശ്യമുന്നയിച്ചുവരികയായിരുന്നു.
വളരെ പ്രധാനപ്പെട്ട ജംഗ്ഷനായ ഇവിടെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകളും വെയിറ്റിംഗ് ഷെല്‍ട്ടറുകളും പണിയണമെന്ന ആവശ്യം വികസനസമിതി പരിഗണിച്ചപ്പോഴാണ് അധികൃതര്‍ അത് സംബന്ധിച്ച അഭിപ്രായം വ്യക്തമാക്കിയത്.
കൂട്ടുംമുഖം പി.എച്ച്.സിയില്‍ കിടത്തിചികില്‍സ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ 90 ശതമാനവും പൂര്‍ത്തിയായതായി തഹസില്‍ദാര്‍ പി.സജീവന്‍ യോഗത്തെ അറിയിച്ചു.
വികസനസമിതിയുടെ നിര്‍ദ്ദേശപ്രകാരം തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
കുറുമാത്തൂര്‍ പൊക്കുണ്ടില്‍ പൊതു ശൗചാലയം ആരംഭിക്കുന്നത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് അധികൃതരില്‍ നിന്ന് കൂടുതല്‍ വിശദീകരണം തേടാന്‍ യോഗം നിര്‍ദ്ദേശിച്ചു.
ചെമ്പേരി ബസ്റ്റാന്റില്‍ ബസുകള്‍ കയറാത്ത സംഭവത്തില്‍ നടപടികള്‍ സ്വീകരിച്ചതായി തളിപ്പറമ്പ് ജോ.ആര്‍.ടി.ഒ വികസനസമിതി യോഗത്തെ അറിയിച്ചു.
എന്നാല്‍ ഇപ്പോഴും മലയോര മേഖലയിലെ ബസ്റ്റാന്റുകളില്‍ പലേടത്തും ബസുകള്‍ കയറുന്നില്ലെന്നും പോലീസ് കര്‍ശനമായി ഇടപെടണമെന്നും പരാതിക്കാരന്‍ തോമസ് കുര്യന്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ തുടര്‍നടപടികളുണ്ടാവുമെന്ന് ആര്‍.ടി.ഒ പറഞ്ഞു. തളിപ്പറമ്പില്‍ നിന്നും പട്ടുവം കോട്ടക്കീല്‍ വഴി പഴയങ്ങാടിയിലേക്ക് ബസ് റൂട്ട് അനുവദിക്കുന്നത് സംബന്ധിച്ച് കണ്ണൂര്‍ ആര്‍.ടി.എ മുമ്പാകെ പ്രശ്‌നം അവതരിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
കുറുമാത്തൂര്‍ മഞ്ചച്ചാല്‍ റോഡില്‍ തെരുവ് വിളക്കുകളും സി.സി.ടി.വി കാമറകളും സ്ഥാപിച്ച് മാലിന്യം തള്ളൂന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന കെ.വി.ബാലകൃഷ്ണന്റെ ആവശ്യം അടുത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കുറുമാത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ ഉറപ്പുനല്‍കി.
നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി, തഹസില്‍ദാര്‍ പി.സജീവന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
