പരിയാരം വില്ലേജ് ഓഫീസിന് മുന്നിലെ തുരുമ്പിച്ച വാട്ടര്‍ടാങ്ക് നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് താലൂക്ക് വികസനസമിതി യോഗം,

തളിപ്പറമ്പ്: പരിയാരം വില്ലേജ് ഓഫീസിന് മുന്നിലായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെച്ചിരിക്കുന്ന വാട്ടര്‍ടാങ്ക് നീക്കം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ന് നടന്ന താലൂക്ക് വികസനസമിതി യോഗത്തിന്റെ ഉറപ്പ്.
ഇത് സംബന്ധിച്ച് സി.പി.എം പരിയാരം ലോക്കല്‍കമ്മറ്റി അംഗവും പൊതുപ്രവര്‍ത്തകനുമായ പി.പി.മോഹനനാണ് വികസനസമിതി മുമ്പാകെ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇത് സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
മാമാനം അമ്പലം-നിലാമുറ്റം തീര്‍ത്ഥാടന പാതയുമായി ബന്ധപ്പെട്ട സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ താലൂക്ക് സര്‍വേയറെ അനുവദിച്ചതായി തഹസില്‍ദാര്‍ യോഗത്തെ അറിയിച്ചു.
തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിന് മുന്നിലെ നടപ്പാതയുടെ കൈവരികള്‍ തകര്‍ന്നത് നവീകരിക്കാന്‍ 2024-25 വര്‍ഷത്തെ പദ്ധതിയില്‍ തുക അനുവദിച്ചതായി നഗരസഭാ അധികൃതര്‍ യോഗത്തെ അറിയിച്ചു.
പട്ടുവം കോട്ടക്കീല്‍ പാലത്തിന്റെ ഇരുകരകളിലും റോഡിനോട് ചേരുന്ന ഭാഗത്തെ താഴ്ച്ച ഒഴിവാക്കാന്‍ 9.50 ലക്ഷം രൂപ അനുവദിച്ചതായി പൊതുമാരാമത്ത് വകുപ്പ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കരിമ്പം.കെ.പി.രാജീവന്‍, എന്‍.സി.പി തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് മീത്തല്‍ കരുണാകരന്‍ എന്നിവര്‍ ഇതുസംബന്ദിച്ച് പരാതി സമര്‍പ്പിച്ചിരുന്നു.
തളിപ്പറമ്പ് റെയില്‍വെ ടിക്കറ്റ് കൗണ്ടറിലേക്ക് പോകുന്ന വഴിയിലെ കുറ്റിക്കാടുകള്‍ തെളിച്ച് വൃത്തിയാക്കിയതായി തഹസില്‍ദാര്‍ യോഗത്തെ അറിയിച്ചു.
വിവിധ സ്ഥലങ്ങളില്‍ കുടിവെള്ള പൈപ്പ്‌ലൈന്‍ ചോരുന്നതിന് പരിഹാരമുണ്ടാക്കാന്‍ വികസനസമിതി മുമ്പാകെ നിരവധി പരാതികള്‍ ഉന്നയിക്കപ്പെട്ടു.
തളിപ്പറമ്പ്-ഭ്രാന്തന്‍കുന്ന് റോഡ് അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ യാത്രാദുരിതത്തിലാണെന്നും പ്രശ്‌നം പരിഹരിക്കാന്‍ നടപടി ഉണ്ടാകണമെന്നും എ.എ.പി ജില്ലാ പ്രസിഡന്റ് ആനപ്പള്ളി ഗോപാലന്‍ പരാതിപ്പെട്ടു.
യോഗത്തില്‍ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി.എസ്.ജയിംസ്(കേരളാ കോണ്‍ഗ്രസ്-എം), മീത്തല്‍ കരുണാകരന്‍(എന്‍.സി.പി), എന്‍.വി. കുഞ്ഞിരാമന്‍(ആര്‍.ജെ.ഡി), കെ.പി.ഉണ്ണികൃഷ്ണന്‍(ആന്തൂര്‍ നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍), ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.വിജയന്‍, പി.വി.ദയാല്‍(ഫയര്‍ ഫോഴ്‌സ്), പി.പി.രാജീവന്‍(ഫോറസ്റ്റ് ആന്റ് വൈല്‍സ് ലൈഫ്), ടി.ജയപ്രസാദ്(താലൂക്ക് സപ്ലൈ ഓഫീസ്), പി.കെ.ഷാജു, ജെ.എസ്.നന്ദന എന്നിവര്‍ പങ്കെടുത്തു.
എല്‍.ആര്‍ തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍ സ്വാഗതവും ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
താലൂക്ക് വികസനസമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
