ചുവപ്പ് നല്‍കുന്ന കരുത്തും അത്മവിശ്വാസവും മറ്റൊരു നിറത്തിനും നല്‍കാനാവില്ല-ചുവന്ന ബാബു.

പിലാത്തറ: എത്രവലിയ ആള്‍ക്കൂട്ടത്തില്‍ നിന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.ബാബു പഴയങ്ങാടിയെ വേറിട്ടു നിര്‍ത്തുന്നത് ആ ചുവന്ന ഷര്‍ട്ടും തൊപ്പിയുമാണ്.

കഴിഞ്ഞ 20 വര്‍ഷമായി ഈ നിറമണിഞ്ഞല്ലാതെ ബാബുവിനെ ആരും കണ്ടിട്ടില്ല.

ഷര്‍ട്ടിനടിയല്‍ ധരിക്കുന്ന ബനിയന്‍ പോലും ചുവപ്പാണ്.

എന്തുകൊണ്ട് ചുവപ്പ് എന്ന ചോദ്യത്തിന് ബാബുവിന് വ്യക്തമായ ഉത്തരമുണ്ട്.

പ്രതികരണത്തിന്റെ നിറമാണ് ചുവപ്പ്-അതുകൊണ്ടാണ് ഈ ചുവപ്പ് പ്രേമം എന്ന് ബാബു പറയുന്നു.

അടിയുറച്ച കമ്യൂണിസ്റ്റ് വിശ്വാസിയായ ബാബു ഒരു പാര്‍ട്ടിയുടെയും പ്രവര്‍ത്തകല്ലെങ്കിലും മനസില്‍ കമ്യൂണിസത്തോട് അടങ്ങാത്ത ആഭിമുഖ്യമാണ്.

പയ്യന്നൂര്‍ നെറ്റവര്‍ക്ക് ചാനലിന്റെ സീനിയര്‍ റിപ്പോര്‍ട്ടറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

ഇപ്പോള്‍ വടക്കന്‍ വാര്‍ത്തകളുടെ റിപ്പോര്‍ട്ടറും സ്വന്തമായി ടി.ബി ന്യൂസ് എന്ന ഓണ്‍ലൈന്‍ ചാനലും നടത്തുന്നു.

കാല്‍നൂറ്റാണ്ട് പിന്നിടുന്ന മാധ്യമപ്രവര്‍ത്തനത്തിനിടയില്‍ നിരവധി അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ചുവപ്പ് നല്‍കുന്ന ആത്മവിശ്വാസം മറ്റൊരു നിറത്തിനും നല്‍കാനാവുന്നില്ലെന്ന പക്ഷക്കാരനാണ് ബാബു.

ധരിക്കുന്ന ഷര്‍ട്ട് പാലക്കാട്ടെ പ്രശസ്തമായ ഒരു വസ്ത്രാലയത്തില്‍ നിന്നുള്ളതാണ്.

സമൃദ്ധമായ മുടിയുണ്ടെങ്കിലും തലയില്‍ ധരിക്കുന്ന ചുവന്ന തൊപ്പി പലപ്പോഴും സുഹൃത്തുക്കളുടെ സമ്മാനമാണ്.

യാത്രകള്‍ക്കിടയില്‍ ചുവന്ന തൊപ്പി കണ്ടാല്‍ അത് വാങ്ങി ബാബുവിന് സമ്മാനമായി എത്തിച്ചുകൊടുക്കുന്ന സുഹൃത്തുക്കള്‍ നിരവധിപേരുണ്ട്.

മാധ്യമപ്രവര്‍ത്തനരംഗത്ത് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകുന്ന ഇദ്ദേഹം പഴയങ്ങാടി വാടിക്കല്‍കടവ് സ്വദേശിയാണ്.