അധ്യാപകന്റെ പീഡനത്തെ തുടർന്ന് ഏഴാംക്ലാസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ചെന്നൈ: അധ്യാപകന്റെ പീഡനത്തെ തുടർന്ന് ഏഴാംക്ലാസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

വെല്ലുർ ജില്ലയിൽ കാട്പാഡിക്ക് സമീപം തിരുവലത്തിലുള്ള സ്കൂളിലെ വിദ്യാർഥിനിയാണ് ആത്മഹത്യശ്രമം നടത്തിയത്.

സംഭവത്തിൽ മുരളി കൃഷ്ണയെന്ന അധ്യാപകനാണ് അറസ്റ്റിലായത്. മുരളി കൃഷ്ണയെക്കുറിച്ച് ഇതിനു മുമ്പും ഒട്ടേറെ പരാതികൾ ഉയർന്നിരുന്നെന്ന് രക്ഷിതാക്കൾ പറയുന്നു.

പെൺകുട്ടിയുടെ അമ്മ പത്ത് ദിവസം മുമ്പ് സ്കൂളിലെത്തി മുരളി കൃഷ്ണയോട് ഇനി ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇനിയും ശല്യം ചെയ്താൽ പോലീസിൽ പരാതി നൽകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

എങ്കിലും അധ്യാപകൻ ശല്യപ്പെടുത്തുന്നത് തുടർന്നു. രണ്ട് ദിവസം മുമ്പ് പെൺകുട്ടിക്ക് കത്തും നൽകി.

റാണിപ്പേട്ട ജില്ലയിലെ ചിക്കാപുരത്തെ ഹൗസിങ് ബോർഡ് കോളനിയിലെ വീട്ടിലേക്ക് വരൂവെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.

ഇതേക്കുറിച്ച് രക്ഷിതാക്കളോട് പറഞ്ഞ് കരഞ്ഞ പെൺകുട്ടി കഴിഞ്ഞ ദിവസം സ്കൂളിൽ പോയിരുന്നില്ല.

രക്ഷിതാക്കൾ സമാധാനപ്പെടുത്തിയെങ്കിലും കരഞ്ഞുകൊണ്ടിരുന്നു. തുടർന്ന് വീട്ടിലുണ്ടായിരുന്ന വാർണീഷ് എടുത്ത് കുടിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

ബോധരഹിതയായ പെൺകുട്ടിയെ വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

സംഭവത്തിൽ രക്ഷിതാക്കൾ തിരുവലം പോലീസിൽ പരാതി നൽകി. തുർന്ന് പോക്സോ കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു.