തലവില്‍ ദൈവത്താര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം പുനരുദ്ധാരണം ആരംഭിച്ചു.
തലവില്‍:നൂറ്റാണ്ടുകളായി തകര്‍ന്നു കിടന്നിരുന്ന പുരാതനമായ തലവില്‍ ദൈവത്താര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

പുനരുദ്ധാരണത്തിന്റ ഭാഗമായി തലോറ ദിവാകരന്‍ ജോത്സ്യരുടെ നേതൃത്വത്തില്‍ അഷ്ടമംഗല പ്രശ്‌നം നടത്തിയിരുന്നു.
തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിനാണ് ക്ഷേത്രത്തിന്റെ താന്ത്രിക ചുമതല. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ്
പുരാതനമായ ജനപഥങ്ങളുടെ സംഗമ ഭൂമിയായിരുന്ന തലവില്‍ ദേശത്തു ദേവതുല്യരായ യോഗീശ്വരന്മാരാല്‍ സിദ്ധി പ്രതിഷ്ഠ നടത്തി
തലമുറകള്‍ ആരാധന നടത്തിവന്നിരുന്ന മഹാവിഷ്ണു ക്ഷേത്രമാണ് പൂര്‍ണമായും തകര്‍ന്നുകിടന്നിരുന്നത്.
ക്ഷേത്ര പരിസരത്ത് കാണപെടുന്ന 3 മുനിയറകള്‍ ശിലായുഗ സംസ്‌ക്കാരത്തിന്റെ അവശേഷിപ്പുകളുടെ തെളിവായിട്ടാണ് കണക്കാക്കപ്പെടുന്നത്.
മുനിയറകള്‍ക്കും മഹാവിഷ്ണു ക്ഷേത്രത്തിനും വളരെ പ്രാധാന്യം ഉണ്ടെന്ന് സിദ്ധപരമ്പരകള്‍ ഇപ്പോഴും വിശ്വസിക്കുന്നു.
ഇത്തരം വൈശേഷികമായ പ്രതിഷ്ഠ സങ്കല്പമുള്ള മറ്റു ക്ഷേത്രങ്ങള്‍ കേരളത്തില്‍ അപൂര്‍വമാണ്.
തലവില്‍ ദൈവത്താര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചാണ് ക്ഷേത്ര പുനര്‍ നിര്‍മ്മിതിക്കാവശ്യമായ ഭൂമി ഉടമസ്ഥരില്‍ നിന്നും ട്രസ്റ്റ് വിലകൊടുത്തു വാങ്ങിയത്.
ആദ്യഘട്ടം പുനരുദ്ധാരണമെന്ന നിലയില്‍ തകര്‍ന്നു കിടന്നിരുന്ന ക്ഷേത്രകിണര്‍ നവീകരിച്ച് ജലലഭ്യത ഉറപ്പുവരുത്തി.
തുടര്‍ന്ന് ബാലാലയ പ്രതിഷ്ഠ കര്‍മ്മം നിര്‍വഹിച്ചു. ശേഷം ക്ഷേത്രം സ്ഥപതി മുത്തുകൃഷ്ണന്‍ ആചാരിയുടെ നേതൃത്വത്തില്‍ പ്രധാന ശ്രീകോവിലിന്റെ സ്ഥാനനിര്‍ണയം നടത്തുകയും 2021 ഡിസംബര്‍ 17ന്
തന്ത്രി തരണ നെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഷഡാധാര പ്രതിഷ്ഠ കര്‍മ്മം നടത്തി ശ്രീകോവില്‍ നിര്‍മാണം ആരംഭിക്കുകയും ചെയ്തു.
ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് ഭീമമായ തുക വേണ്ടിവരുമെന്നും വളരെ കുറച്ചു ഹൈന്ദവ വീടുകള്‍ ഉള്ള പ്രദേശമായതിനാല്‍ സാമ്പത്തിക സഹായം ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
ഇതുവരെയുള്ള ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനം ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികളുടെ ഒത്തൊരുമയും സഹായവും കൊണ്ടാണ് മുന്നോട്ട് കൊണ്ടു പോവുന്നതെന്നും ക്ഷേത്രം
ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പുല്ലായ്‌ക്കൊടി അര്‍ജുന്‍, സെക്രട്ടറി കൊടക്കല്‍ കുഞ്ഞിക്കണ്ണന്‍, ടി.വി. സുരേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.
ശ്രീകോവില്‍ നിര്‍മ്മാണത്തിന് ശേഷം നമസ്‌കാരമണ്ഡപം ചുറ്റമ്പലം ഉപദേവതാ സ്ഥാനങ്ങള്‍ ഗോപുരം തുടങ്ങി അനവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
നശിച്ചു കിടന്നിരുന്ന ഈ മഹത് സന്നിധിയെ പുനരുജ്ജീവിപ്പിക്കേണ്ടത് വിശ്വാസികളുടെ കടമയാണെന്നും സുമനസുകളായ വിശ്വാസികളുടെ സഹായം ആവശ്യമാണെന്നും ഭാരവാഹികള്‍ അറിയിച്ചു
