തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടുത്തം-വ്യാപാരസമുച്ചയം കത്തിയമര്‍ന്നു-10 കോടിയിലേറെ നഷ്ടം-
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടുത്തം, കോടികളുടെ നഷ്ടം.

തളിപ്പറമ്പ് ദേശീയപാതക്ക് സമീപം നഗരസഭ ബസ്റ്റാന്റിന് തൊട്ടടുത്തുള്ള കെ.വി.കോംപ്ലക്സിലെ മിട്രെഡ്സ് എന്ന ഷോപ്പില്‍ നിന്നും ചെറിയ തീപ്പൊരിയായി പടര്‍ന്നുകയറി നിമിഷനേരം കൊണ്ട് പ്രദേശത്തെ അഗ്‌നിവിഴുങ്ങുകയായിരുന്നു.
4.55 നാണ് തീപിടുത്തം തുടങ്ങിയതെങ്കിലും 5.25 നാണ് കരിമ്പത്തെ തളിപ്പറമ്പ് അഗ്‌നിശമനനിലയത്തില്‍ നിന്നും അഗ്‌നിശമനസേന എത്തിയത്.
ആദ്യം ഒരു യൂണിറ്റ് മാത്രമേ എത്തിയിരുന്നുള്ളൂ അപ്പോഴേക്കും കെ.വി.കോംപ്ലക്സിലെ ഹൈവേറോഡിനോട് അഭിമുഖമായി കിടക്കുന്ന ഭാഗത്തെ കടകളിലേക്കെല്ലാം തന്നെ തീപിടര്‍ന്നിരുന്നു.
രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ ഇരുപതിലേറെ കടകള്‍ തീപിടുത്തത്തില്‍ പൂര്‍ണമായി കത്തിയമര്‍ന്നു.
നഗരത്തിലെ പ്രധാന ജ്വല്ലറികളിലൊന്നായ ജയഫാഷന്‍ ജ്വല്ലറിയുടെ മുകള്‍ഭാഗത്തേക്ക് പടര്‍ന്ന തീയണക്കാന്‍ അഗ്‌നിശമനസേനകള്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്.
ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോഴും തീ നിയന്ത്രണവിധേയമായിട്ടില്ല.
കടുത്ത ചൂടില്‍ തീപിടിച്ച കടകള്‍ക്ക് അഭിമുഖമായുള്ള റോഡിന്റെ എതിര്‍ഭാഗത്തെ കടകളുടെ ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചു.
ദേശീയപാതയില്‍ വാഹനഗതാഗതവും പൂര്‍ണമായി നിലച്ചു. കണ്ണൂരില്‍ നിന്നുള്ള വാഹനങ്ങള്‍ പഴയങ്ങാടി വഴി തിരിച്ചുവിടുകയായിരുന്നു.
കണ്ണൂര്‍, പയ്യന്നൂര്‍, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിട്ടി തുടങ്ങി ജില്ലയിലെയും അയല്‍ ജില്ലകളിലെയും അഗ്‌നിശമന നിലയങ്ങളില്‍ നിന്നും നിരവധി യൂണിറ്റുകള്‍ തീയണക്കാനായി തളിപ്പറമ്പില്‍ എത്തിയിട്ടുണ്ട്.
പ്രാഥമിക കണക്ക്പ്രാരം പത്തുകോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായിട്ടണ് നിഗമനം.
തീ നിയന്ത്രണവിധേയമായാല്‍ മാത്രമേ നഷ്ടം പൂര്‍ണമായി കണക്കാക്കാന്‍ കഴിയുകയുള്ളൂ.
തളിപ്പറമ്പ് നഗരത്തിലെ പ്രധാനവ്യാപാര സമുച്ചയമായ കെ.വി.കോംപ്ലക്സില്‍ ചെറുതും വലുതുമായ അന്‍പതിലേറെ കടകളും ഓഫീസുകളും ജ്വല്ലറികളും മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിന് തൊട്ടുള്ള മെയിന്‍ റോഡിലെ സ്ഥാപനങ്ങലെ തീ ബാധിക്കാതിരിക്കാന്‍ അഗ്‌നിശമനസേന കനത്ത ജാഗ്രത പാലിക്കുന്നുണ്ട്.
നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, അള്ളാംകുളം മഹമ്മൂദ്, വ്യാപാരി നേതാക്കളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍, സി.പി.എം നേതാവ് കെ.സന്തോഷ്, എ.പി.ഗംഗാധന്‍ തുടങ്ങി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, ഇന്‍സ്പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ്പ്രാഥമികനിഗമനം.
