താമരക്കാട് സംഗീതം നിറഞ്ഞ് നീലകണ്ഠ അബോഡ്

തളിപ്പറമ്പ്:പെരുഞ്ചെല്ലൂരില്‍ ലക്ഷണ-ലക്ഷ്യ സംഗീതം സമര്‍പ്പിച്ച് താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി ആസ്വാദകര്‍ക്ക് ആനന്ദംപകര്‍ന്നു.

ത്യാഗരാജ സ്വാമികളുടെ ഘനരാഗ പഞ്ചരത്‌നകൃതികളില്‍ ശ്രീരാഗത്തിലും ആദിതാളത്തിലും ചിട്ടപ്പെടുത്തിയ എന്തരോ മഹാനുഭാവുലു എന്ന ലോക പ്രശസ്ത കൃതിയാണ് നീലകണ്ഠ അബോര്‍ഡിലെ അനന്ദസമര്‍പ്പണത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്.

രണ്ടു മണിക്കൂര്‍ നീണ്ട കച്ചേരിയില്‍ യഥാക്രമം രാഗത്തെ വിസ്തരിച്ച ശേഷം, താനവും സ്വരവും ആലപിച്ച്, കൃതിയില്‍ നിരവല്‍ പാടിക്കഴിഞ്ഞപ്പോള്‍ മനോധര്‍മവും സൗന്ദര്യശാസ്ത്രവും പുറത്തെടുത്ത നാദോപാസകനെ ശുദ്ധ സംഗീതാസ്വാദകര്‍ നിറഞ്ഞ മനസോടെ അഭിനന്ദിച്ചു.

വളരെ ജനപ്രിയമായ ഈ കൃതി ഷഠ്കാല ഗോവിന്ദമാരാരുടെ പ്രകടനം കേട്ട് രചിക്കപ്പെട്ടതാണ്.

നൊച്ചൂര്‍ നാരായണന്‍ കലാകാരന്മാരെ ആദരിച്ചു.

കേരളത്തിന്റെ പല ജില്ലകളില്‍ നിന്നും ശുദ്ധ സംഗീതാസ്വാദകര്‍ നീലകണ്ഠ അബോഡില്‍ ആനന്ദസമര്‍പ്പണ്‍ പരിപാടിക്കായി എത്തി ചേര്‍ന്നിരുന്നു.