വീണ്ടും കള്ളന്‍മാരെത്തി, പരിയാരം പോലീസ് പരിധിയില്‍-പിലാത്തറയിലെ കടയില്‍ നിന്ന് 85,000 കവര്‍ന്നു.

തുടക്കം പോലീസിന്റെ മൂക്കിന്റെ താഴെ.

പിലാത്തറ: ഇടവേളക്ക് ശേഷം പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വീണ്ടും കള്ളന്‍മാരെത്തി.

പിലാത്തറയിലെ ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലിംലീഗ് നേതാവുമായ നജ്മു്ദീന്‍ പിലാത്തറയുടെ ഉടമസ്ഥതയിലുള്ള ചായ് കോര്‍ണര്‍ എന്ന കടയിലാണ് മോഷണം നടന്നത്.

പിലാത്തറ ജംഗ്ഷനിലെ ചെറുതാഴം സെന്ററിന് സമീപത്തെ കട ഇന്ന് രാവിലെ 5.30 ന് തുറക്കാനെത്തിയപ്പോഴാണ് പൂട്ട്‌പൊളിച്ചതായി കണ്ടത്.

തുടര്‍പരിശോധനയില്‍ 5750 രൂപയും(10 ന്റെയും 5-ന്റെയും ചില്ലറ നാണയങ്ങളും നോട്ടുകളും ഉള്‍പ്പെടെ) 35,000 രൂപയുടെ സിഗിരറ്റ്, സോപ്പ്, പേസ്റ്റ്, നോട്ട്ബുക്കുകള്‍ എന്നിവും കടയിലെ മറ്റ് സാധനങ്ങളും കൊണ്ടുപോയി.

ഏകദേശം 85,000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഇന്നലെ രാത്രി 11.30 നാണ് കട അടച്ചത്. നജ്മുദ്ദീന്‍ പരിയാരം പോലീസില്‍ പരാതി നല്‍കി.

കഴിഞ്ഞദിവസം പരിയാരം പോലീസ് സ്‌റ്റേഷന്റെ മൂക്കിന് താഴെ ചെറുതാഴം കഫേയില്‍ കയറിയ കള്ളന്‍ മേശയുടെ പൂട്ട് തകര്‍ത്ത് 200 രൂപയുടെ ചില്ലറനാണയങ്ങള്‍ കവര്‍ന്നു.

പിന്നീട് പുതിയ പൂട്ട് ഇട്ടശേഷമാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ 26 പ്രമാദമായ കവര്‍ച്ച നടന്ന പരിയാരം പോലീസ് പരിധിയില്‍ ആരെ പിടികൂടിയത് ചിതപ്പിലെ പൊയില്‍ വീട് കുത്തിത്തുറന്ന് നടത്തിയ കവര്‍ച്ച മാത്രമാണ്.