പരിയാരം പോലീസ് മുഖം രക്ഷിച്ചുവെങ്കിലും ഇനിയും തെളിയിക്കാന്‍ കേസുകളുടെ കൂമ്പാരം ബാക്കി.

പരിയാരം: ഒരു പ്രതിയെ പിടികൂടി പരിയാരം പോലീസ് തല്‍ക്കാലം മുഖം രക്ഷിച്ചുവെങ്കിലും സംഘത്തലവന്‍ സൊള്ളന്‍സുരേഷ്, ജെറാള്‍ഡ്, രഘു, അബു എന്നിവര്‍ എവിടെയെന്ന് പോലീസ് സംഘം വെളിപ്പെടുത്തിയിട്ടില്ല.

ഇനി പിടികിട്ടാനുള്ള നാല് പ്രതികളില്‍ ചിലര്‍ മറ്റൊരു കേസില്‍ അകപ്പെട്ട് ജയിലിലാണെന്ന് സൂചനയുണ്ട്.

പയ്യന്നൂര്‍ കോടതിയില്‍ നിന്നുള്ള പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം ഇവരെ ജയിലില്‍ നിന്ന് ഹാജരാക്കാനാണ് സാധ്യത.

ഇന്ന് അറസ്റ്റിലായ പ്രതി സഞ്ജീവ്കുമാറിന് സപ്തംബര്‍ 29 ന് പളുങ്ക്ബസാറിലെ മാടാളന്‍ അബ്ദുള്ളയുടെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.

അങ്ങിനെയാണെങ്കില്‍ ആ കേസിലെ പ്രതികളെ ഇനിയും പിടികിട്ടാനുണ്ട്.

മോഷണസംഘത്തിന് പ്രാദേശികമായി എന്തെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല.

മാടാളന്‍ അബ്ദുള്ളയുടെ വീട്ടിലും ഡോ.ഷക്കീര്‍ അലിയുടെ വീട്ടിലും ആളുകളില്ലെന്ന് സംഘം അറിഞ്ഞതെങ്ങിനെ എന്നതും അവ്യക്തമായി തുടരുകയാണ്.

ഒരു കേസിലെ ഒരൊറ്റപ്രതിയെ പിടികൂടാന്‍ കഴിഞ്ഞ പോലീസ് മറ്റ് നിരവധി കേസുകളുടെ കാര്യത്തില്‍ ഒരുവിധ അന്വേഷണത്തിനും മുതിര്‍ന്നിട്ടില്ല.

ഈയൊരു കേസില്‍ കാണിച്ച താല്‍പര്യം പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ 3 വര്‍ഷമായി നടന്ന മോഷണക്കേസുകള്‍ തെളിയിക്കുന്ന കാര്യത്തിലും കാണിക്കണമെന്ന് നാട്ടുകാര്‍ പറയുന്നു.

കവര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് കവര്‍ച്ചക്കാരെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും മറ്റ് വിവരങ്ങള്‍ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ലഭ്യമാക്കുമെന്നും അന്വേഷണ സംഘം പറയുന്നുണ്ട്.

പ്രതി സഞ്ജീവ്കുമാറിനെ  കവര്‍ച്ച നടന്ന വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചു.

കവര്‍ച്ച നടത്തിയ വീടിന് മുന്‍വശത്തുള്ള റോഡിന് എതിര്‍വശത്ത് നിന്ന് മോഷണം നടത്തിയത് ശേഷം ഉപേക്ഷിച്ച ഇരുമ്പു കമ്പിയും കണ്ടെടുത്തു.

പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.