വാതില്‍ തകര്‍ത്ത് അകത്തുകയറിയ കവര്ച്ചക്കാരന് ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണ്ണമാല കവര്‍ന്നു.
പിലാത്തറ: വാതില്‍ തകര്‍ത്ത് അകത്തുകടന്ന കവര്ച്ചക്കാരന് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ രണ്ടരപവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്തു, പിടിവലിക്കിടയില്‍ ഒന്നരപവന്‍ മാലയുടെ കഷണവുമായി കവര്ച്ചക്കാരന് രക്ഷപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പിലാത്തറ പഴിച്ചിയില്‍ ചേറ്റൂരില്ലത്ത് ദേവകി അന്തര്‍ജനത്തിന്റെ(63)മാലയാണ് കവര്‍ന്നത്.
റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് കൃഷ്ണന് നമ്പൂതിരിയുടെ ഭാര്യയാണ്.
റോഡരികിലുള്ള വീടിന്റെ സമീപത്ത് ഇവരുടെ ബന്ധുക്കള്‍ താമസമുണ്ട്.
കവര്‍ച്ച നടന്ന വീട്ടില്‍ ദേവകി അന്തര്‍ജനത്തിന്റെ മക്കളും ഭര്‍ത്താവും ബന്ധുക്കളുമൊക്കെ തൊട്ടടുത്ത മുറികളില്‍ ഉറങ്ങിക്കിടക്കവെയാണ് മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് മോഷ്ടാവ് അകത്തുകടന്നത്.
പിടിവലിക്കിടയില്‍ ദേവകി അന്തര്‍ജനത്തിന് കഴുത്ത് മുറിഞ്ഞ് പരിക്ക് പറ്റിയിട്ടുണ്ട്.
വിവരമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്തെത്തി.
അടുത്തകാലത്തായി നിരവധി മോഷണങ്ങള്‍ നടന്ന പരിയാരം പോലീസ് പരിധിയില്‍ ഒരുകേസ് പോലും ഇതേവരെ തെളിയിക്കാനോ പ്രതികളെ പിടികൂടാനോ സാധിച്ചിട്ടില്ല.
നേരത്തെ പൂട്ടിയിട്ട വീടുകളിലാണ് കവര്‍ച്ച നടന്നതെങ്കില്‍ ആളുകളുള്ള വീടുകളിലേക്ക് കവര്‍ച്ച വ്യാപിക്കുന്നത് ജനങ്ങളെ ഞെട്ടിച്ചിരിക്കയാണ്.