പുളിമ്പറമ്പില്‍ ഭണ്ഡാരമോഷണം-മോഷ്ടാവ് പിടിയില്‍

തളിപ്പറമ്പ്: ക്ഷേത്രഭണ്ഡാരം പൊളിക്കവെ മോഷ്ടാവ് പോലീസ് പിടിയില്‍.

തളിപ്പറമ്പ് പോലീസ്പരിധിയില്‍ പുളിമ്പറമ്പില്‍ ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം.

നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയായ പരിയാരം ഐ.ടി.സി കോളനിയിലെ ജോഷിയാണ് പിടിയിലായ മോഷ്ടാവ്.

ഇയാളുടെ കൂടെയുണ്ടായിരുന്നയാള്‍ ഓടിരക്ഷപ്പെട്ടു.

തോട്ടാറമ്പ് മുത്തപ്പന്‍ക്ഷേത്രത്തലെ ഭണ്ഡാരമാണ് കവര്‍ച്ച ചെയ്തത്.

ഭണ്ഡാരം തകര്‍ക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്ത തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ നൈറ്റ് വാച്ച്‌മേനായ ബക്കളത്തെ എം.ഷാജിയാണ് ആദ്യം ഓടിയെത്തിയത്.

ഷാജിയെ കണ്ട ഉടനെ ഇരുവരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ജോഷി പിടിയിലായി.

ഈ സമയത്ത് അതുവഴി വന്ന പട്ടുവം വെള്ളിക്കീല്‍ സ്വദേശിയായ ഓട്ടോഡ്രൈവര് സഫ്വാനും ചേര്‍ന്നാണ് മോഷ്ടാവിനെ കീഴ്‌പ്പെടുത്തിയത്.

ഓടിരക്ഷപ്പെട്ടത് ഈയാളുടെ കൂട്ടാളിയായ ബംഗാളി റോബിനാണെന്നാണ് ചോദ്യം ചെയ്യലില്‍ പോലീസിനോട് വെളിപ്പെടുത്തിയത്.

950 രൂപയുടെ നോട്ടുകളും ചില്ലറനാണയങ്ങളുമാണ് ഭണ്ഡാരത്തില്‍ നിന്ന് കവര്‍ച്ച ചെയ്തത്.

ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഓടിപ്പോയ മോഷ്ടാവിനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്ഷേത്രം ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.