കക്കാട്ട് കല്യാണിയുടെ രണ്ടരപ്പവനും പി.വി.മൂസയുടെ 14,000 രൂപയും മോഷണം പോയി.

പരിയാരം: വയോധികയുടെ രണ്ടരപവന്‍ സ്വര്‍ണാഭരണവും വയോധികന്റെ വീട് കുത്തിത്തുറന്ന് 14,000 രൂപയും കവര്‍ച്ച ചെയ്തതായി പരാതി.

പാണപ്പുഴ പറവൂരിലെ കക്കാട്ട് കല്യാണിയുടെ(75) മാലയാണ് മോഷ്ടിച്ചത്.

പറവൂര്‍ പുലിയൂര് കാളി ക്ഷേത്രത്തിലെ അടിച്ചുതെളി ജോലിക്കാരിയായ കല്യാണി രാവിലെ ജോലിക്ക് ക്ഷേത്രത്തില്‍ പോയതായിരുന്നു.

തിരിച്ചുവന്നപ്പോള്‍ വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് വീട്ടിനകത്തെ പൂജാമുറിയിലെ പാത്രത്തില്‍ സൂക്ഷിച്ച മാല നഷ്ടപ്പെട്ടതായി കണ്ടത്.

ജോലിക്ക് പോകുമ്പോള്‍ കല്യാണി മാല ഈ പാത്രത്തില്‍ അഴിച്ചുവെച്ചാണ് പോകാറ് പതിവ്.

ഇത് വ്യക്തമായ അറിയാവുന്ന ആളായിരിക്കും മോഷ്ടാവെന്ന് കരുതുന്നു.

മറ്റൊരു സംഭവത്തില്‍ അമ്മാനപ്പാറയിലെ പൂമംഗലോരതത് വാരി വളപ്പില്‍ പി.വി.മൂസയുടെ(72) വീട്ടിലാണ് കവര്‍ച്ച നടന്നത്.

13 ന് വൈകുന്നേരം ആറ് മണിയോടെയാണ് മൂസ വീടുപൂട്ടി ബന്ധുവീട്ടിലേക്ക് പോയത്.

മൂസയുടെ വീട്ടില്‍ ചില നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് ബന്ധുവീട്ടില്‍ താമസിക്കുന്നത്.

ഇന്നലെ രാവിലെ എത്തിയപ്പോഴാണ് വീടിന്റെ വാതില്‍ തകര്‍ത്തതായി കണ്ടത്. അകത്തുകടന്ന മോഷ്ടാവ് ഷെല്‍ഫ് അടിച്ചു തകര്‍ത്താണ് മോഷണം നടത്തിയത്.

വീടുമുഴുവന്‍ അരിച്ചുപൊറുക്കിയ മോഷ്ടാവ് എല്ലാം വാരിവലിച്ചിട്ട നിലയിലാണ്.

മൂസയുടെ പരാതിയില്‍ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു.

പ്രിന്‍സിപ്പല്‍ എസ്.ഐ നിബിന്‍ ജോയിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും ഉള്‍പ്പെടെ ഇന്നലെ അമ്മാനപ്പാറയിലെത്തി പരിശോധന നടത്തിയിരുന്നു.

പോലീസിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്.

പരിയാരം പോലീസ് സ്‌റ്റേഷനില്‍ രണ്ടരമാസമായി സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് പല അന്വേഷണങ്ങളേയും ഇതിനകം ബാധിച്ചിട്ടുണ്ട്.

പോലീസുകാരുടെ കുറവും സ്‌റ്റേഷന്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.

പ്രമാദമായ കാത്ത്‌ലാബ് തകര്‍ക്കല്‍ സംഭവത്തിലെ അന്വേഷണവും ഇത്തരത്തില്‍ മരവിച്ചിരിക്കയാണ്.

എസ്.എച്ച്.ഒ ആയിരുന്ന കെ.വി.ബാബു പ്രമോഷനായി പോയിട്ട് രണ്ടര മാസം കഴിഞ്ഞിട്ടും പുതിയ ആളെ നിയോഗിച്ചിട്ടില്ല.

എസ്.ഐ മാരുടെ പ്രമോഷന്‍ ലിസ്റ്റ് തയ്യാറായാല്‍ മാത്രമേ നിയമനം ഉണ്ടാവുകയുള്ളൂെവന്നാണ് വിവരം.