കുപ്രസിദ്ധ മോഷ്ടാക്കള്‍ പരിയാരം പോലീസ് പിടിയില്‍.
പരിയാരം: രണ്ട് കുപ്രസിദ്ധ മോഷ്ടാക്കള്‍ പരിയാരം പോലീസിന്റെ പിടിയിലായി. ഇപ്പോള്‍ ആലക്കോട് താമസിക്കുന്ന സിദ്ദിക്ക് (51), കോഴിക്കോട് സ്വദേശി രഞ്ജിത്ത് (26) എന്നിവരെയാണ് ഇന്നലെ പരിയാരം എസ്.ഐയും സംഘവും പിലാത്തറ ബസ്റ്റാന്റില്‍ നിന്ന് പിടികൂടിയത്.
പ്രതികള്‍ പഴയങ്ങാടി ഭാഗത്ത് നിന്ന് വരുന്നുണ്ടെന്ന് പഴയങ്ങാടി സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ നികേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പിലാത്തറയില്‍ വെച്ച് ഇവരെ പിടികൂടിയത്.
സപ്തംബര്‍ നാലിന് ഏമ്പേറ്റില്‍ നിന്ന് ബസില്‍ കയറി മെഡിക്കല്‍ കോളേജ് സ്റ്റോപ്പില്‍ ഇറങ്ങിയ യാത്രക്കാരന്റെ എട്ടായിരം രൂപ പോക്കറ്റടിച്ച സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.
ബസുകളില്‍ കയറി കൃതിമ തിരക്കുണ്ടാക്കി യാത്രക്കാരുടെ പേഴ്‌സും, പണവും മോഷ്ടിക്കുയാണ് സിദ്ദിക്കിന്റേയും സംഘത്തിന്റേയും മോഷണ രീതി.
ഇതിനിരയാകുന്നത് പലപ്പോഴും പാവപ്പെട്ട സാധാരണക്കാരാണ്. സിദ്ദിക്കിന്റെ പേരില്‍ നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ട്.
ഇയാള്‍ തളിപ്പറമ്പ് സ്വദേശിയാണെന്ന് പറയുന്നുണ്ടെങ്കിലും വിവിധ പേരുകളില്‍ വിവിധ സ്ഥലങ്ങളില്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിച്ച് കവര്‍ച്ച നടത്തുകയാണ് പതിവ് രീതി.
ഇയാളോടൊപ്പം പിടിയിലായ രഞ്ജിത്തും വിവിധ കേസുകളില്‍ പ്രതിയാണ്.
ഇരുവര്‍ക്കുമെതിരെ കണ്ണൂര്‍ ,കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലായി നിരവധി മോഷണകേസുകള്‍ നിലവിലുണ്ട്.
കണ്ണൂരിലെ ഒരു കഞ്ചാവ് കേസില്‍ പ്രതിയായതിനാല്‍ രഞ്ജിത്തിനെ ടൗണ്‍ പോലീസിന് കൈമാറി.
കോടതിയില്‍ ഹാജരാക്കിയ സിദ്ദിക്കിനെ റിമാന്‍ഡ് ചെയ്തു.
സംഘത്തില്‍ എസ് ഐ സഞ്ജയ്കുമാറിനോടൊപ്പം സ്‌പെഷല്‍ ബ്രാഞ്ച് എഎസ്‌ഐ നികേഷ്, സ്‌ക്വാഡ് അംഗങ്ങളായ നൗഫല്‍, അഷറഫ് എന്നിവരും ഉണ്ടായിരുന്നു.