എസ്.ഐയെ ഭീഷണിപ്പെടുത്തി, ഗുഡ്‌സ് ഓട്ടോ ഡ്രൈവറുടെ പേരില്‍ കേസെടുത്തു.

തളിപ്പറമ്പ്: പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിതിന് ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

അഴീക്കോട് പൊയ്ത്തുംകടവിലെ മുണ്ടോന്‍ വീട്ടില്‍ എം.ഹുസൈന്‍(42)ന്റെ പേരിലാണ് കേസ്.

ഇന്നലെ വൈകുന്നേരം 5.45 നാണ് സംഭവം.

ദേശീയപാതയില്‍ ഇന്ത്യന്‍ കോഫി ഹൗസിന് സമീപം ട്രാഫിക് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ട തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശനെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

പഴയങ്ങാടി മേല്‍പ്പാലം വഴി വാഹനഗതാഗതം നിരോധിച്ചതോടെ നൂറുകണക്കിന് ലോറികളും മറ്റ് വാഹനങ്ങളും ദേശീയപാത വഴി കടന്നുപോകാന്‍ തുടങ്ങിയതോടെ അഭൂതപൂര്‍വ്വമായ ഗതാഗതപ്രളയമാണ് ദേശീയപാതയില്‍ അനുഭവപ്പെടുന്നത്.

കോഫിഹൗസിന് സമീപം ഗതാഗതകുരുക്ക് ഉണ്ടെന്നുള്ള വിവരം ലഭിച്ചാണ് എസ്.ഐ കെ.വി.സതീശനും സി.പി.ഒ ഡ്രൈവര്‍ ഷോവിത്തും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ച് കുരുക്ക് നീക്കാന്‍ ശ്രമിച്ചത്.

വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടുന്നതിനിടയില്‍ വരി തെറ്റിച്ചുവന്ന ഹുസൈന്‍ ഓടിച്ച കെ.എല്‍-40 യു-8198 എന്ന ഗുഡ്‌സ് ഓട്ടോറിക്ഷ നിര്‍ത്താന്‍ എസ്.ഐ ആവശ്യപ്പെട്ടപ്പോള്‍ ദൂരെ മാറിവാഹനം നിര്‍ത്തി ഇറങ്ങിവന്ന ഹുസൈന്‍ നീ കണ്ടില്ലേ മറ്റ് വാഹനങ്ങള്‍ കടന്നുപോകുന്നത്, നിനക്കെന്താ കാര്യം എന്ന് ചോദിച്ച് എസ്.ഐയോട് തട്ടിക്കയറുകയായിരുന്നു.

ഹുസൈനതെിരെ കേസെടുത്ത പോലീസ് വാഹനം കസ്റ്റഡിലെടുത്തു.