ശാരദയെ ഉര്‍വ്വശിപ്പട്ടമണിയിച്ച സിനിമക്ക് ഇന്ന് 55-ാം പിറന്നാള്‍.

മലയാളത്തിലെ എണ്ണപ്പെട്ട സിനിമാ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു ഹരി പോത്തന്‍.

സുപ്രിയ ഫിലിംസ് എന്ന ബാനറില്‍ അശ്വമേധം മുതല്‍ അങ്കിള്‍ബണ്‍വരെ 23 സിനിമകള്‍ ഹരിപോത്തന്‍ നിര്‍മ്മിച്ചിട്ടുണ്ട്.

പ്രമുഖ നടന്‍ പരേതനായ പ്രതാപ് പോത്തന്‍ ഹരി പോത്തന്റെ ഇളയ സഹോദരനാണ്.

ഇദ്ദേഹം നിര്‍മ്മിച്ച 23 സിനിമകളില്‍ ഭുരിഭാഗവും മലയാള സിനിമാ ചരിത്രത്തില്‍ എന്നെന്നും നിലനില്‍ക്കുന്നവയാണ്.

1967 ല്‍ തോപ്പില്‍ ഭാസിയുടെ പ്രശസ്ത നാടകം അശ്വമേധത്തിന് ചലച്ചിത്രരൂപം നല്‍കിയാണ് തുടക്കം കുറിച്ചത്.

1968 ല്‍ വിന്‍സെന്റിന്റെ സംവിധാനത്തില്‍ തോപ്പില്‍ ഭാസിയുടെ മറ്റൊരു പ്രശസ്ത നാടകം തുലാഭാരം സിനിമയാക്കി.

ഈ ചിത്രത്തിലെ അഭിനയമികവിനാണ് ശാരദക്ക് ആദ്യമായി ഉര്‍വ്വശി അവാര്‍ഡ് ലഭിച്ചത്.

69 ല്‍ നദി(വിന്‍സെന്റ്), നിഴലാട്ടം(വിന്‍സെന്റ്), 71 ല്‍ കരകാണാക്കടല്‍(കെ.എസ്.സേതുമാധവന്‍), നഖങ്ങള്‍(വിന്‍സെന്റ്),

മാധവിക്കുട്ടി(തോപ്പില്‍ഭാസി), രാജഹംസം(ഹരിഹരന്‍),

ആലിബാബയും 41 കള്ളന്‍മാരും(ശശികുമാര്‍), പഞ്ചമി(ഹരിഹരന്‍),

രണ്ടുലോകം(ശശികുമാര്‍), ഇതാ ഇവിടെ വരെ(ഐ.വി.ശശി), 1978 ല്‍ വാടയ്‌ക്കൊരു ഹൃദയം(ഐ.വി.ശശി),

രതിനിര്‍വ്വേദം(ഭരതന്‍),നക്ഷത്രങ്ങളേ കാവന്‍ (കെ.എസ്.സേതുമാധവന്‍), 1979 ല്‍ അലാവുദ്ദീനും  അല്‍ഭുതവിളക്കും(ഐ.വി.ശശി),

1980 ല്‍ പവിഴമുത്ത്(ജേസി),ലോറി(ഭരതന്‍), 83 ല്‍ കൈകേയി(ഐ.വി.ശശി), 86 ല്‍ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍(പത്മരാജന്‍),

1988 ല്‍ അപരന്‍(പത്മരാജന്‍), 90 ല്‍ മാളൂട്ടി(ഭരതന്‍), 91 ല്‍ അങ്കിള്‍ബണ്‍(ഭദ്രന്‍).

തുലാഭാരം (1968 ആഗസ്ത്-30 ന് റിലീസ് ചെയ്തു-55 വര്‍ഷം മുമ്പ് ഓണക്കാലത്താണ് റിലീസ്).

തോപ്പില്‍ഭാസിയുടെ ശ്രദ്ധേയമായ നാടകങ്ങളിലൊന്നാണ് തുലാഭാരം.

തിരക്കഥയും സംഭാഷണവും അദ്ദേഹം തന്നെ.

പി.ഭാസ്‌ക്കര്‍റാവു ക്യാമറയും ജി.വെങ്കിട്ടരാമന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചു.

കെ.പി.ശങ്കരന്‍കുട്ടിയാണ് കലാസംവിധായകന്‍.

പോസ്റ്റര്‍ ഡിസൈന്‍ പി.ബാലന്‍.

ചിത്രം പൂര്‍ണമായും വിക്രം, എ.വി.എം. എന്നീ സ്റ്റുഡിയോകളില്‍ വെച്ചാണ് ചിത്രീകരിച്ചത്.

ഔട്ട്‌ഡോര്‍ രംഗങ്ങളൊന്നും തന്നെ തുലാഭാരത്തിലില്ല.

പ്രേംനസീര്‍, മധു, ഷീല, ശാരദ, തിക്കുറിശി, കടുവാക്കുളം, ഗോവിന്ദന്‍കുട്ടി, നെല്ലിക്കോട് ഭാസ്‌ക്കരന്‍, ഖാന്‍ സാഹിബ്, തോപ്പില്‍ കൃഷ്ണപിള്ള, അടൂര്‍ഭവാനി, കെടാമംഗലം അലി, കെ.എ.വാസുദേവന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

കഥാസംഗ്രഹം-

വത്സലയും(ഷീല), വിജയയും(ശാരദ) കൂട്ടുകാരികളായിരുന്നു. അഡ്വ. അച്യുതന്‍ നായരുടെ(ഗോവിന്ദന്‍കുട്ടി) മകളാണ് വത്സല. അച്യുതന്‍ നായര്‍ പണക്കൊതിയനായ ഒരു വക്കീലായിരുന്നു. വിജയയുടെ അച്ഛന്‍ ഒരു ഫാക്ടറി ഉടമയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ മാനേജര്‍ തന്റെ കുടിലതന്ത്രങ്ങള്‍ മൂലം ഫാക്ടറി കൈക്കലാക്കി. ആ വ്യവഹാരത്തില്‍ വിജയയുടെ അച്ഛന്റെ വക്കീല്‍ അച്യുതന്‍ നായരായിരുന്നു. കേസില്‍ തോറ്റപ്പോള്‍ അച്യുതന്‍ നായരും അയാളെ കൈവെടിഞ്ഞു. ജയിച്ച മാനേജര്‍, അവരുടെ വീട് ജപ്തി ചെയ്തു. അങ്ങനെ വിജയയും അച്ഛനും തെരുവിലിറങ്ങി. ഹൃദ്രോഗിയായിരുന്ന അച്ഛന്‍ ഹൃദയസ്തംഭനം മൂലം ഈ സന്ദര്‍ഭത്തില്‍ മരണമടഞ്ഞു. ഈ സമയമൊക്കെയും വിജയയേയും അച്ഛനേയും ആശ്വസിപ്പിച്ചതും സഹായിച്ചതും ഒരു ഫാക്ടറി തൊഴിലാളിയായിരുന്ന രാമുവായിരുന്നു(പ്രേംനസീര്‍).
വിജയയുടെ കാമുകനായിരുന്ന ബാബു(മധു) പോലും അവളെ കൈവിട്ടു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ വിജയ രാമുവിനെ വിവാഹം കഴിക്കുവാന്‍ നിശ്ചയിച്ചു. വിവാഹം സമംഗളം നടന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിജയ ഒരു അമ്മയായി. ഈ സമയം വത്സല കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നിയമം പഠിക്കാനായി ലോ കോളേജില്‍ ചേര്‍ന്നു.
വര്‍ഷങ്ങള്‍ കടന്നുപോയി. വിജയക്ക് മൂന്നു മക്കളുണ്ടായി. ജീവിതം വിഷമങ്ങള്‍ നിറഞ്ഞതായിരുന്നെങ്കിലും സന്തോഷപ്രദമായിരുന്നു. വത്സല നിയമ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതയായി. അങ്ങിനെയിരിക്കെയാണ് രാമു ജോലിചെയ്തിരുന്ന ഫാക്ടറിയില്‍ തൊഴില്‍പ്രശ്‌നം ഉയര്‍ന്നു വന്നത്. രാമു സമരത്തിന്റെ നേതാവായിരുന്നു. തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയില്‍ മുങ്ങി. സമരവും, സത്യാഗ്രഹവും തുടര്‍ന്നു. ഒരു ദിവസം ആരോ വന്നു രാമുവിനോടു പറഞ്ഞു ഫാക്ടറി ഗവണ്മെന്റു് ഏറ്റെടുത്തെന്നും അന്നു ഫാക്ടറി തുറക്കുമെന്നും മറ്റും. സന്തോഷത്തോടെ രാമുവും മറ്റു തൊഴിലാളികളും ജാഥയായി ഫാക്ടറിയിലേക്കു പോയി. അവിടെ ചെന്നപ്പോഴാണ് അറിയുന്നതു് ഫാക്ടറി ഗവണ്മെന്റ് ഏറ്റെടുത്തിട്ടില്ലെന്ന് നിരാശരായ തൊഴിലാളികള്‍ വീടുകളിലേക്കു മടങ്ങി.
അന്നു സന്ധ്യക്ക് രാമു പാര്‍ട്ടി ആഫീസിലേക്ക് പോകുന്നവഴി രണ്ടുമൂന്നു ഗുണ്ടകള്‍ ചേര്‍ന്ന് അയാളെ കുത്തിക്കൊന്നു. രാത്രി വളരെയായിട്ടും ഭര്‍ത്താവിനെ കാണാതായപ്പോള്‍ വിജയ പരിഭ്രമിച്ചു. അപ്പോഴാണ് ഒരു തൊഴിലാളി വന്ന് രാമുവിന്റെ മരണവിവരം അറിയിക്കുന്നതു്. വിജയ പൊട്ടിക്കരഞ്ഞുകൊണ്ട് തളര്‍ന്നു വീണു.

അനാഥരായ കുട്ടികളെ പോറ്റാന്‍ വിജയ കിണഞ്ഞു പരിശ്രമിച്ചു. പക്ഷെ കുട്ടികളുടെ വിശപ്പ് പരിപൂര്‍ണ്ണമായി അടക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. വിശന്നുവലഞ്ഞ കുഞ്ഞുങ്ങള്‍ തെണ്ടാന്‍ നിര്‍ബ്ബന്ധിതരായി. ഇതറിഞ്ഞ വിജയ ഓടിവന്ന് അവരെ വലിച്ചിഴച്ചുകൊണ്ടുപോയി ശിക്ഷിച്ചു. പക്ഷെ അവരുടെ വിഷമം മനസ്സിലാക്കി സങ്കടം അടക്കവയ്യാതെ വിജയ പൊട്ടിക്കരഞ്ഞു.
വിജയയേയും കുഞ്ഞുങ്ങളേയും പറ്റി പല അപവാദങ്ങളും നാട്ടില്‍ പടര്‍ന്നു. അതുകേട്ടു വിശ്വസിച്ച രാമുവിന്റെ അമ്മ പോലും വിജയയെ ദേഷ്യപ്പെടുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന്് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതു തന്റെ ഭര്‍ത്താവിന്റെ വീടാണെന്നും ഇവിടെ താമസിക്കാന്‍ തനിക്കവകാശമുണ്ടെന്നും പറഞ്ഞ് വിജയ അവിടെത്തന്നെ താമസിച്ചു.
ഒരു ദിവസം വിജയയുടെ മകന്‍ ഒരു ചായക്കടയില്‍ ഒരു അപ്പം ഇരിക്കുന്നതുകണ്ട് കൊതിയും വിശപ്പും സഹിക്കവയ്യാതെ അതെടുത്തുപോയി. ഇതുകണ്ട അവിടുത്തെ ഒരു ജോലിക്കാരന്‍ ചട്ടുകം പഴുപ്പിച്ചു് അവന്റെ മുഖത്തു വെച്ചു. ഈ സ്ഥിതിയില്‍ തന്റെ മകനെ കണ്ടപ്പോള്‍ വിജയയുടെ ഹൃദയം തകര്‍ന്നു പോയി. അവള്‍ ഒരു നിശ്ചയമെടുത്തു. പൊള്ളലിനു പറ്റിയ മരുന്നാണെന്നുപറഞ്ഞു് വിജയ ഒരു തൊഴിലാളിയെക്കൊണ്ട് വിഷം വാങ്ങിപ്പിച്ചു. അത് ആഹാരത്തില്‍ ചേര്‍ത്ത് കുഞ്ഞുങ്ങള്‍ക്കും കൊടുത്തു, വിജയയും കഴിച്ചു. കുഞ്ഞുങ്ങള്‍ മരിച്ചു. വിജയക്ക്് കുട്ടികള്‍ മരിക്കുന്നത് കണ്ടു നില്‍ക്കുവാനുള്ള നിര്‍ഭാഗ്യമാണുണ്ടായത്
കോടതിയില്‍, പബ്ലിക് പ്രോസിക്യൂട്ടറായ വത്സല, തെളിവുകളുടെ അടിസ്ഥാനത്തില്‍, വിജയ കുറ്റവാളിയാണെന്നും, മൂന്നു കുഞ്ഞുങ്ങളെ കൊന്ന അവളെ ശിക്ഷിക്കണമെന്നും വാദിച്ചു. വിജയ, തന്റെ കഥ കോടതിയെ പറഞ്ഞുകേള്‍പ്പിക്കുകയും, ‘തന്റെ ശിക്ഷ എത്രയും വേഗം നടപ്പാക്കി, തന്നെ കൊന്നു തരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നതോടെ കഥ അവസാനിക്കുന്നു.

ഗാനങ്ങള്‍(രചന-വയലാര്‍, സംഗീതം-ദേവരാജന്‍)

1-ഭൂമിദേവി പുഷ്പിണിയായി-പി.സുശീല, ബി.വസന്ത.

2-കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു- യേശുദാസ്

3-നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍-പി.ജയചന്ദ്രന്‍.

4-ഓമനത്തിങ്കളിന്നോണം-യേശുദാസ്, സുശീല.

5-ഓമന തിങ്കളിന്നോണം-പി.സുശീല.

6-പ്രഭാതഗോപുരവാതില്‍ തുറന്നു-യേശുദാസ്, ജാനകി.

7-തൊട്ടു, തൊട്ടില്ല-യേശുദാസ്.