തളിപ്പറമ്പ്: സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് പോരാട്ടം നടന്ന തളിപ്പറമ്പ് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ജയസാധ്യതയെന്ന് സൂചന.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട അവസാന കണക്കുകള്‍ പ്രകാരം 82.7 ശതമാനമാണ് തളിപ്പറമ്പ് മണ്ഡലത്തിലെ ആകെ പോളിംഗ്.
1,92,047 വോട്ടര്‍മാരാണ് ആകെയുള്ളത്.
ഇതില്‍ 1,88,159 പേര്‍ വോട്ടു ചെയ്തു.
ഇതില്‍ 1938 തപാല്‍ വോട്ടുകളും 1950 ഹോം വോട്ടുകളും ഉള്‍പ്പെടുന്നു.
2021 ല്‍ 83.58 ശതമാനമായിരുന്നു പോളിംഗ്.
ആന്തൂര്‍, തളിപ്പറമ്പ് നഗരസഭകളും പരിയാരം, മയ്യില്‍, കുറ്റിയാട്ടൂര്‍, മലപ്പട്ടം, കുറുമാത്തൂര്‍, കൊളച്ചേരി, ചപ്പാരപ്പടവ് പഞ്ചായത്തുകളും ചേര്‍ന്നതാണ് തളിപ്പറമ്പ് നിയമസഭ മണ്ഡലം.
യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ.ഗോവിന്ദന് വേണ്ടി മുസ്ലിംലീഗ് എല്ലാ സ്ഥലങ്ങളിലും സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു.
കോണ്‍ഗ്രസ് വിമതന്‍ കൊയ്യം ജനാര്‍ദ്ദനന്റെ പ്രചാരണം എവിടെയും ഏശിയില്ല എന്നാണ് വിലയിരുത്തല്‍.
ആറ് സ്ഥലങ്ങളില്‍ മുസ്ലിംയൂത്ത്‌ലീഗ് സംഘടിപ്പിച്ച ബൂത്ത് ലെവല്‍ വോട്‌സ് കോ-ഓര്‍ഡിനേഷന്‍ ടീം നടത്തിയ ശില്‍പ്പശാല വലിയ വിജയമായിരുന്നു.
ലീഗ് വോട്ടുകള്‍ എന്നതിലുപരി 99.99 ശതമാനം മുസ്ലിംവോട്ടുകളും ഏകോപിപ്പിച്ച് ടി.കെ.ഗോവിന്ദന്റെ ഗ്യാസ് സിലിണ്ടര്‍ ചിഹ്നത്തില്‍ പതിപ്പിക്കാന്‍ ഈ പ്രവര്‍ത്തനത്തിലൂടെകഴിഞ്ഞതായിട്ടാണ് സൂചന.
ഇതിലെല്ലാം ഉപരിയായി സി.പി.എം ശക്തികേന്ദ്രങ്ങളില്‍ നിന്നു പോലും പി.കെ.ശ്യാമളയോടുള്ള വിപ്രതിപത്തി വോട്ടായി മാറിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം വ്യക്തമായിട്ടുണ്ടെന്ന് യു.ഡി.എഫിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച ജനറല്‍ കണ്‍വീനര്‍ ടി.ജനാര്‍ദ്ദനന്‍ പറയുന്നു.
പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ എതിര്‍പ്പ് ശക്തമായിരുന്നുവെന്നാണ് വിലയിരുത്തല്‍.
ഇത്രയും ചിട്ടയോടെയുള്ള ഒരു പ്രവര്‍ത്തനം യു.ഡി.എഫ് ഇതിന് മുമ്പ് നടത്തിയിട്ടില്ലെന്നും 5000 നും 10,000 നും ഇടയില്‍ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത മല്‍സരം നടന്നുവെന്ന് വിലയിരുത്തുന്ന സി.പി.എം 15,000 വോട്ടുകള്‍ക്ക് ശ്യാമള വിജയിക്കുമെന്നാണ് അവസാനഘട്ട വിശകലനത്തില്‍ ആശ്വാസം കൊള്ളുന്നത്.