മരം മുറിക്കാനുണ്ടോ-മരം–ദേശീയപാതക്കാര്‍ റെഡിയാണേ—

തളിപ്പറമ്പ്: പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം തന്നെ നല്‍കിയപോലെ ദേശീയപാത അധികൃതര്‍.

ശിഖരങ്ങള്‍ മുറിക്കാന്‍ മാത്രം ആവശ്യപ്പെട്ടപ്പോഴാണ് മരം തന്നെ മുറിച്ച് നല്‍കി ദേശീയപാതക്കാര്‍ കഴിവ് തെളിയിച്ചത്.

വര്‍ഷങ്ങളായി തളിപ്പറമ്പ് ദേശീയപാതയില്‍ ടാക്‌സികള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് തണലേകി നിന്ന മഴമരമാണ് ഇന്ന് വൈകുന്നേരം മുറിച്ചുനീക്കിയത്.

മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു നീക്കണമെന്ന് കഴിഞ്ഞ മാസമാണ് ടാക്‌സി ഡ്രൈവര്‍മാരും നാട്ടുകാരും ദേശീയപാത അധികൃതര്‍ക്ക് പരാതി നല്‍കിയത്.

കഴിഞ്ഞ ജിവസം അന്വേഷണത്തിനെത്തിയ എഞ്ചിനീയര്‍മാര്‍ മരം തന്നെ മുറിച്ചുമാറ്റാന്‍ ഉത്തരവിടുകയായിരുന്നു.

അടിഭാഗം ദ്രവിക്കുന്നുണ്ട് എന്ന് കണ്ടതിനാലാണ് മരം പൂര്‍ണമായി മുറിച്ചതെന്നാണ് ദേശീയപാതക്കാരുടെ വിശദീകരണം.

എന്നാല്‍ മരം പൂര്‍ണമായി മുറിച്ചുമാറ്റിയപ്പോള്‍ യാതൊരുവിധ കേടുപാടുകളുമില്ലെന്ന് കണ്ടെത്തി.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ റോഡ് വികസനത്തിന്റെ മറവില്‍ ആവശ്യമില്ലാത്ത നിരവധി മരങ്ങള്‍ മുറിച്ചുമാറ്റിയതായി പരാതി ഉയര്‍ന്നിരുന്നു.

മരം മുറിച്ചതോടെ നിരവധി പക്ഷികളുടെ കൂടുകളും മുട്ടകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

മരങ്ങള്‍ മുറിക്കുന്നതിന് മുമ്പായി മരച്ചില്ലകളില്‍ കൂടുവെച്ച പക്ഷികളേയും കുഞ്ഞുങ്ങളേയും സുരക്ഷിതമായി മാറ്റാനുള്ള

സംവിധാനം കൂടി ഒരുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ആനിമല്‍ ആന്‍ൃറ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.