ഇനി മുതല്‍ ട്രോളിയുമുണ്ടാകും ജീവനക്കാരുമുണ്ടാകും-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ പോര്‍ട്ടിക്കോയില്‍ ഇനിമുതല്‍ അത്യാസന്ന നിലയിലെത്തുന്ന രോഗികളെ കൊണ്ടുപോകാന്‍ ട്രോളിയും ജീവനക്കാരും ഉണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഇന്നലെ ആരോഗ്യമന്ത്രി വന്ന സമയത്ത് അത്യാഹിത വിഭാഗത്തിലെത്തിയ രോഗിക്ക് കൃത്യസമയത്ത് ട്രോളി കിട്ടാതിരുന്ന സംഭവം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഉള്‍പ്പെടെ പത്രമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

മന്ത്രി വന്നപ്പോഴുണ്ടായ തിരക്കിനിടയില്‍ അംബുലന്‍സ് കടന്നുവന്നത് ട്രോളി ജീവനക്കാര്‍ കാണാത്തതുകൊണ്ടാണ് മൂന്ന് മിനുട്ടോളം താമസം വന്നതെന്നാണ് വിശദീകരണം.

മാധ്യമ വിമര്‍ശനം ഉള്‍ക്കൊണ്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് അധികൃതര്‍ പറയുന്നത്.

കാഷ്വാലിറ്റി കാര്യക്ഷമമാക്കേണ്ടതിനെപ്പറ്റി മന്ത്രി പ്രസംഗത്തില്‍ ജീവനക്കാരെ ബോധവല്‍ക്കരിച്ചതിന്റെ അടുത്ത നിമിഷത്തില്‍ തന്നെയായിരുന്നു ഈ സംഭവം.

മറ്റ് ആശുപത്രികളില്‍ കാഷ്വാലിറ്റിക്ക് സമീപം ആംബുലന്‍സ് എത്തുമ്പോള്‍തന്നെ ട്രോളിയിലെത്തി രോഗികളെ കാഷ്വാലിറ്റിക്കകത്ത് എത്തിക്കുന്ന സംവിധാനം നിലവിലുണ്ട്.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇക്കാര്യത്തില്‍ ചില ജീവനക്കാര്‍ കടുത്ത അലംഭാവം കാണിക്കുന്നതായ പരാതി നേരത്തെ തന്നെ നിലവിലുണ്ട്.