ടിടിഇ ട്രെയിനില്‍നിന്ന് ഇറക്കിവിട്ടതിന് പിന്നാലെ ഗര്‍ഭിണിയായ യുവതി തലകറങ്ങി വീണു.

വെള്ളൂര്‍: ടിടിഇ ട്രെയിനില്‍നിന്ന് ഇറക്കിവിട്ടതിന് പിന്നാലെ ഗര്‍ഭിണിയായ യുവതി തലകറങ്ങി വീണു. ഇന്നലെ വൈകീട്ട് വെള്ളൂര്‍ (പിറവം റോഡ്) റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കളമശ്ശേരി ഗ്ലാസ് കമ്പനി കോളനിയില്‍ താമസിക്കുന്ന ബെംഗളൂരു സ്വദേശിനിയായ സരസ്വതിയാണ് (37) ബോധരഹിതയായി വീണത്.

കന്യാകുമാരിയില്‍നിന്ന് ബെംഗളൂരുവിന് പോകുന്ന ഐലന്റ് എക്സ്പ്രസില്‍ കോട്ടയത്തുനിന്നാണ് ഗര്‍ഭിണിയും രണ്ട് വയസ്സുകാരനും കയറിയത്. ടിക്കറ്റെടുത്തില്ലെന്നാരോപിച്ചാണ് ടിടിഇ ഇരുവരെയും ഇറക്കിവിട്ടത്. സംഭവം കണ്ടുനിന്ന യാത്രക്കാര്‍ വെള്ളൂര്‍ പൊലീസില്‍ വിവരമറിയിച്ചു. പോലീസെത്തി സരസ്വതിയെയും രണ്ടുവയസ്സുകാരനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്റ്റേഷനില്‍ ബോധരഹിതയായിവീണ സരസ്വതിയെ റെയില്‍വേ അധികൃതര്‍ സഹായിച്ചില്ലെന്നും ആരോപണമുണ്ട്. സംഭവം കണ്ടുനിന്ന യാത്രക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി സരസ്വതിയെയും കുട്ടിയെയും വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.