ക്ഷേത്രവും ക്ഷേത്രഭരണവും നവീകരിക്കാനുള്ള ടി.ടി.കെ ദേവസ്വം മാനേജിങ്ങ് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വം വക ക്ഷേത്രങ്ങളുടെ നവീകരണത്തിന് സുതാര്യവും നൂതനവുമായ കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടുള്ള ദേവസ്വം മാനേജിങ്ങ് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാകുന്നു.

രാജരാജേശ്വര ക്ഷേത്രം, തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളുടെ ഭരണ ചുമതലയുള്ള ടി ടി കെ ദേവസ്വം സുവര്‍ണകാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് തെളിയിക്കുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങല്‍ നടക്കുന്നത്.

ഭക്തജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനും വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാനും കെ.പി. നാരായണന്‍ നമ്പൂതിരി പ്രസിഡന്റായ നിലവിലുള്ള ടി.ടി.കെ ദേവസ്വം മാനേജിങ്ങ് കമ്മറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.

ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ പുരാതന പൈതൃകം വീണ്ടെടുത്ത് ക്ഷേത്ര നവീകരണത്തിന് ആക്കം കൂട്ടാന്‍ ഉതകുംവിധം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതി നേടിയെടുക്കാനും ടി.ടി.കെ ദേവസ്വം മാനേജിങ്ങ് കമ്മറ്റിക്ക് ഇക്കാലയളവില്‍ സാധിച്ചിട്ടുണ്ട്.

കോടിക്കണക്കിന് രൂപ ചെലവ് വരുന്ന കിഴക്കേഗോപുരത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വൈകാതെ ആരംഭിക്കാന്‍ സാധിക്കും വിധമുള്ള ക്രമീകരണങ്ങള്‍ നടന്നുവരികയാണ്.

ക്ഷേത്രത്തിലെത്തിച്ചേരുന്ന ഭക്തജനങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥല പരിമിതിക്ക് പരിഹാരമേകിക്കൊണ്ട് ക്ഷേത്രത്തിന് വടക്കുഭാഗത്ത് വിശാലമായ പാര്‍ക്കിംഗ് ഗ്രൗണ്ട് ഒരുക്കുന്നതിന് നിലവിലുള്ള മാനേജിങ്ങ് കമ്മറ്റി മുന്‍ഗണന നല്‍കി പ്രവര്‍ത്തിച്ചത് മൂലം ക്ഷേത്രത്തിലെത്തിച്ചേരുന്നവര്‍ക്ക് അത് വലിയ പ്രയോജമാണ് ഉണ്ടായിട്ടുളളത്.

രാജരാജേശ്വര ക്ഷേത്രത്തില്‍ ആധുനികരീതിയില്‍ പണി കഴിപ്പിച്ച വഴിപാട് കൗണ്ടര്‍ ഭക്തജനങ്ങള്‍ക്ക് തികച്ചും സൗകര്യപ്രദമായി താമസം കൂടാതെ വഴിപാടുകള്‍ കഴിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നു.

പൗരാണികമായ രാജരാജേശ്വര ക്ഷേത്രം കൊട്ടുംപുറത്തിന്റെ മേല്‍ക്കൂര പുതുക്കിപ്പണിയലും ക്ഷേത്ര കൊട്ടാരത്തിന്റെ പുതുക്കി പണിയലും ഇതിനകം നടന്നു കഴിഞ്ഞു.

തൃച്ചംമ്പരം ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവയുടെ തിരുമുറ്റങ്ങളും ദീപസ്തംഭത്തിന് ചുറ്റിലും ഉള്‍പ്പെടെ കരിങ്കല്‍പാകി മനോഹരമാക്കല്‍ പ്രവര്‍ത്തികള്‍ ഈ കാലയളവില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്.

കാഞ്ഞിരങ്ങാട് ദേവസ്വം ഗസ്റ്റ് ഹൗസിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു.

വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടന്നിരുന്ന ഗണപതി ആനയുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് പ്രശ്‌നം പരിഹരിച്ചതും ആനയെ ക്ഷേത്ര ഉല്‍സവങ്ങള്‍ക്ക് എഴുന്നള്ളിക്കാന്‍ വിധം പ്രാപ്തമാക്കി എഴുന്നള്ളിപ്പിന് ഉപയോഗിച്ചതും ഇക്കാലയളവിലാണ്.

ഭക്തജനങ്ങളുടെ പരാതികളിലും ,ക്ഷേത്രം ജീവനക്കാരുടെ പരാതികളിലും കക്ഷിരാഷ്ടീയ വേര്‍തിരിവുകള്‍ ഇല്ലാതെ ന്യായമായ പരിഹാരം ഉണ്ടാക്കാന്‍ ദേവസ്വം മാനേജിങ്ങ് കമ്മറ്റി സത്വര ശ്രദ്ധപതിപ്പിക്കുന്നുണ്ട്.

ദേവസ്വത്തില്‍ സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തുന്നതിനും അധിക സാമ്പത്തിക ചോര്‍ച്ച തടയുന്നതിനും പ്രസിഡന്റിന്റെ നേരിട്ടുള്ള മേല്‍ നോട്ടത്തില്‍ പ്രതിമാസ മോണിറ്ററിംഗ് സിസ്റ്റം നടപ്പാക്കിയതിനെ തുടര്‍ന്ന് വരുമാന നീക്കിയിരുപ്പില്‍ വന്‍ വര്‍ദ്ധനവാണ് പ്രധാന മൂന്ന് ക്ഷേത്രങ്ങളിലും ഇക്കാലയളവില്‍ ഉണ്ടായിട്ടുള്ളത്.

ഇങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ് കെ.പി.നാരായണന്‍ നമ്പൂതിരി പ്രസിഡന്റായ മാനേജിങ്ങ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്.

ക്ഷേത്രങ്ങളുടെ സര്‍വ്വതോന്‍മുഖമായ ഉന്നതിയും പരാതികളില്ലാത്ത ഭക്തജനങ്ങളുമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കെ.പി.നാരായണന്‍ നമ്പൂതിരി കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.