ഈ രണ്ട് യുവാക്കള്‍ക്കും തൊഴിലെടുത്ത് ജീവിക്കാന്‍ അവകാശമില്ലേ—?

പരിയാരം: ഈ രണ്ട് യുവാക്കള്‍ക്കും തൊഴിലെടുത്ത് ജീവിക്കാന്‍ അവകാശമില്ലേ-

2021 ആഗസ്ത് 16 ന് മാതമംഗലം പേരൂല്‍ റോഡില്‍ എസ്.ആര്‍.അസോസിയേറ്റസ് എന്ന സ്ഥാപനം തുടങ്ങിയ റബിഹ് മുഹമ്മദിനും രണ്ട് വര്‍ഷം മുമ്പ് എ.ജെ. സെക്വയര്‍ ടെക് ഐ.ടി

സൊല്യൂഷന്‍സ് എന്ന സ്ഥാപനം തുടങ്ങിയ അഫ്‌സല്‍ കുഴിക്കാട്ടിലും ജീവനില്‍ കൊതിയുള്ളതിനാല്‍ തങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നിരിക്കയാണെന്ന് പറയുന്നു.

ജീവനില്‍ കൊതിയുള്ളതിനാല്‍ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാതെ ഫിബ്രവരി 7 ന് അടച്ച കട തുറക്കില്ലെന്ന് മാതമംഗലത്ത് അടച്ചു പൂട്ടിയ എസ്.ആര്‍. അസോസിയേറ്റ്‌സ് കടയുടമ റബീഹ് പറഞ്ഞു.

സ്ഥാപനം അടച്ചു പൂട്ടിയിട്ട് ഇന്നേക്ക് 10 ദിവസം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കച്ചവടം പൂര്‍ണമായി ഇല്ലാതായെന്നത് കൂടാതെ എനിക്ക് മാതമംഗലം ടൗണില്‍ നിന്ന് ചായ പോലും കിട്ടാത്ത

നിലയിലേക്ക് കാര്യങ്ങളെത്തിയത് കൂടാതെ വണ്ടിക്ക് പെട്രോള്‍ കിട്ടണമെങ്കില്‍ പിലാത്തറയിലേക്ക് വരേണ്ട സ്ഥിതിയാണെന്നും റബീഹ് ആരോപിച്ചു.

സ്ഥാപനം അടച്ചുപൂട്ടിയിട്ടും സി.ഐ.ടി.യു ആരംഭിച്ച കടക്ക്മുന്നിലെ പ്രതിഷേധ സമരം ഇപ്പോഴും തുടരുകയാണ്.

എസ്.ആര്‍.അസോസിയേറ്റ്‌സില്‍ നിന്നും സാധനം വാങ്ങിയതിന് ഫിബ്രവരി 3 ന് മര്‍ദ്ദനമേറ്റ യൂത്ത്‌ലീഗ് എരമം-കുറ്റൂര്‍ പഞ്ചായത്ത്

കമ്മറ്റി പ്രസിഡന്റ് കൂടിയായ അഫ്‌സലിന് പിന്നീട് തന്റെ മാതമംഗലം ടൗണിലെ കട ഇതേവരെ തുറക്കാന്‍ സാധിച്ചിട്ടില്ല.

മയ്യില്‍ ചെക്കിക്കുളം സ്വദേശിയായ റബിഹ് ഒന്നേകാല്‍ കോടി രൂപയോളം മുടക്കിയാണ് മാതമംഗലത്ത് വ്യാപാരസ്ഥാപനം ആരംഭിച്ചത്.

തന്റെ ജീവന് അപകടം സംഭവിക്കുമെന്ന് ഭയന്നതിനാലാണ് സ്ഥാപനം അടച്ചതെന്നും ശാശ്വതമായി പരിഹാരം ഉണ്ടായില്ലെങ്കില്‍ തുറക്കുകയില്ലെന്നും അദ്ദേഹം കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.

മാന്യമായി തൊഴിലെടുത്ത് ജീവിക്കാനുള്ള രണ്ട് യുവാക്കളുടെ മൗലികാവകാശമാണ് ഇവിടെ ഇല്ലാതായിരിക്കുന്നത്.