പ്രൊഫഷണല്‍ ശൈലി തുണച്ചു, യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പോളിംഗ് തരംഗം

ബിസിനസ് മീറ്റ് മാതൃകയില്‍ വര്‍ക്ക്‌ഷോപ്പുകള്‍

തളിപ്പറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തിലെ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും സ്വാധീന കേന്ദ്രങ്ങളില്‍ പോളിംഗ് തരംഗമുണ്ടായതായും പ്രചരണ ദിവസങ്ങളില്‍ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയും പഞ്ചായത്ത് കമ്മിറ്റികളും പ്രൊഫഷണല്‍ രീതിയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുണച്ചതായും യുഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍.

പ്രചരണത്തിന് രണ്ടാഴ്ച മാത്രമാണ് ലഭിച്ചതെങ്കിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ജില്ലയില്‍ തന്നെയുള്ള തലമുതിര്‍ന്ന നേതാവിനെ സ്ഥാനാര്‍ത്ഥിയായി ലഭിച്ചതോടെ വിജയിക്കുവാനുള്ള അവസരം മുന്നില്‍ കണ്ട യുഡിഎഫ് അതിവേഗം ഉണരുകയും താഴെത്തട്ട് മുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രൊഫഷണല്‍ സംഘാടക രീതി അവലംബിക്കുകയും ചെയ്തു. മണ്ഡലം ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യനും യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ പി മുഹമ്മദ് ഇഖ്ബാലിന്റെയും കണ്‍വീനര്‍ ടി ജനാര്‍ദ്ദനന്റെയും നേതൃത്വത്തിലുള്ള മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയും പഞ്ചായത്ത് കമ്മിറ്റികളും നടത്തിയ മികച്ച ഏകോപനവും താഴെതട്ടിലേക്കുള്ള നിര്‍ലോഭമായ പിന്തുണയും പ്രശംസനീയമായിരുന്നു.

യുഡിഎഫിന്റെ സംസ്ഥാന നേതൃത്വമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് പ്രഖ്യാപിച്ചതെങ്കിലും സിപിഎമ്മില്‍ നിന്ന് പെട്ടെന്ന് ഇറങ്ങി വന്ന ടി.കെ.ഗോവിന്ദന്‍ മാസ്റ്ററെയും അദ്ദേഹത്തിന്റെ സ്വതന്ത്രചിഹ്നത്തെയും ഉള്‍ക്കൊള്ളുവാന്‍ താഴെത്തട്ടിലുള്ള പല നേതാക്കന്മാരും പ്രവര്‍ത്തകന്മാരും പ്രത്യേകിച്ച് കോണ്‍ഗ്രസ് അണികള്‍ തുടക്കത്തില്‍ തയ്യാറായിരുന്നില്ല. ഇത് യുഡിഎഫ് നേതൃത്വത്തെ ആദ്യഘട്ടത്തില്‍ വല്ലാതെ അലട്ടിയിരുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവ് കൊയ്യം ജനാര്‍ദ്ദനന്‍ റിബലായി മത്സരിക്കാന്‍ മുന്നോട്ട് വരികയും ചെയ്തതോടെ മണ്ഡലത്തിലെ യുഡിഎഫ് നേതാക്കള്‍ കൂടുതല്‍ അങ്കലാപ്പിലായി. അപകടം മണത്ത യുഡിഎഫ് നേതൃത്വം അത് പരിഹരിക്കാന്‍ കേരളത്തിലെ മറ്റൊരു മണ്ഡലത്തിലും ഇല്ലാത്ത ബൂത്ത് ലെവല്‍ വോട്ട്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി എന്ന പേരില്‍ പ്രത്യേക ടീമിന് രൂപം നല്‍കുകയും അതിന്റെ പൂര്‍ണ്ണ ചുമതല മണ്ഡലത്തിലെ യൂത്ത് ലീഗണികളില്‍ ആഴത്തില്‍ സ്വാധീനമുള്ള തളിപ്പറമ്പ നഗരസഭ ചെയര്‍മാന്‍ പി കെ സുബൈറിനെ ഏല്‍പ്പിക്കുകയും ചെയ്തു. ഇതുവഴി മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളെയും ഏകോപിപ്പിച്ച് ഇടഞ്ഞു നില്‍ക്കുന്ന നേതാക്കന്മാരെയും പ്രവര്‍ത്തകന്മാരെയും മെരുക്കിയെടുത്ത് ഒരു വോട്ടും ചോരാത്ത വണ്ണം മുഴുവന്‍ സംവിധാനങ്ങളും ചലിപ്പിക്കാന്‍ U D F   ന് കഴിഞ്ഞു.

ബൂത്തുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 900 വോളണ്ടിയര്‍മാര്‍ക്ക് ബിസിനസ് മീറ്റ് മാതൃകയില്‍ ആറ് വര്‍ഷോപ്പുകളാണ് ബൂത്ത് ലവല്‍ വോട്ട്‌സ് കോര്‍ഡിനേഷന്‍ ടീമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. ക്യാമ്പുകളില്‍ വച്ച് വോളണ്ടിയര്‍മാര്‍ക്ക് ഓരോ വോട്ടര്‍മാരെയും നേരില്‍ കാണുന്നത് മുതല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ അവരെ ബൂത്തില്‍ എത്തിക്കുന്നത് വരെ ആവശ്യമായ പരിശീലനം നല്‍കി. ക്യാമ്പില്‍ ഓരോ ബൂത്തിലെയും പ്രധാന നേതാക്കന്മാരോടും പ്രവര്‍ത്തകന്മാരോടും സ്ഥാനാര്‍ത്ഥി ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തുന്ന മുഖാമുഖവും പ്രവര്‍ത്തകന്മാരോടൊന്നിച്ചുള്ള ഫോട്ടോ സെഷനും ഉള്‍പ്പെടുത്തിയത് കൊണ്ട് സ്ഥാനാര്‍ത്ഥിയും പ്രാദേശിക നേതാക്കന്മാരും ബൂത്ത് ലെവല്‍ പ്രവര്‍ത്തകന്മാരും വളരെ വേഗത്തില്‍ ഇണങ്ങിച്ചേരാന്‍ കാരണമായി. തിരഞ്ഞെടുപ്പ് കാലത്ത് പുറത്തുവിടാത്ത ഈ പ്രവര്‍ത്തനം ശാസത്രീയ രീതിയിയില്‍ വിവിധ പഞ്ചായത്തുകളിലെ ഫുട്ബോള്‍ ടര്‍ഫുകളിലാണ് സംഘടിപ്പിച്ചത്. മുമ്പെങ്ങും കാണാത്ത രീതിയില്‍ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് നേതൃത്വം കൂട്ടായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടതായിട്ടാണ് യു.ഡി.എഫ് കേന്ദ്രങ്ങളിലെ ഉയര്‍ന്ന പോളിംഗ് കാണിക്കുന്നത്. സി.പി.എം കേന്ദ്രങ്ങളായ മലപ്പട്ടം, ആന്തൂര്‍ നഗരസഭ, മയ്യില്‍ പ്രദേശങ്ങളെ ഒഴിവാക്കി കുറുമാത്തൂര്‍, പരിയാരം, കുറ്റിയാട്ടൂര്‍, തളിപ്പറമ്പ് നഗരസഭ, ചപ്പാരപ്പടവ്, കൊളച്ചേരി പ്രദേശങ്ങളില്‍ നടത്തിയ ശില്‍പ്പശാല ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ വിജയിക്കാന്‍ തക്കവിധത്തില്‍ ഉപയോഗപ്രദമായി എന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.