കോട്ടയത്തെ വാദ്ധ്യാന്‍ ഇല്ലം തലയുയര്‍ത്തി നില്‍ക്കുന്നു തൃക്കരിപ്പൂരിലെ താരക’മായി

 

ചരിത്രമുറങ്ങുന്ന ഒരു വീടുണ്ടായിരുന്നു കോട്ടയം അയ്മനത്ത്. വീടല്ല. മന. അയ്മനം വാദ്ധ്യാന്‍ ഇല്ലം എന്നാണ് പേര്. ആ ചരിത്ര ഭവനം ഇപ്പോള്‍ 365 കിലോമീറ്റുകള്‍ സഞ്ചരിച്ച് കാസര്‍ഗോഡ്
തൃക്കരിപ്പൂരില്‍ ‘ താരകം’ എന്ന പേരില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. 400 വര്‍ഷത്തെ ചരിത്രം താണ്ടി മറ്റൊരു ദേശത്തേക്ക് സഞ്ചരിച്ച പഴമയുടെ ഗന്ധമുള്ള ഈ എട്ടുകെട്ടിന്റെ ഇപ്പോഴത്തെ അവകാശി ഡോ.വി.ജയരാജന്‍ ആണ്. പാരമ്പര്യത്തിന്റെ തനിമ പേറുന്ന ഈ ഭവനത്തിന് ഒരു ഐതിഹ്യം പറയാനുണ്ട്. കായംകുളം കൊച്ചുണ്ണി ഒരു ദിവസം അന്തിയുറങ്ങുകയും വാദ്ധ്യാന്‍ ഇല്ലത്തിലെ നമ്പൂതിരിയോടുള്ള ബഹുമാനത്താല്‍ തന്റെ വജ്രമോതിരം സമ്മാനിച്ചുവെന്നുമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയില്‍ പറയുന്നത്.

അയ്മനം പഞ്ചായത്തിലെ എം.കെ.നീലകണ്ഠന്‍ അയ്യരുടെ കയ്യില്‍ നിന്ന് ഇല്ലം വില കൊടുത്തു വാങ്ങി അതേ മാതൃകയില്‍ തന്നെ സ്വന്തം നാട്ടില്‍ സ്വപ്നം പോലെയൊരു വീട് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിനെപ്പം വാദ്ധ്യാന്‍ ഇല്ലത്തിന്റെ ചരിത്രവും ഡോ.വി. ജയരാജന്‍ പങ്കുവച്ചു. വേദേതിഹാസങ്ങളിലെ വൈദഗ്ധ്യത്തിന് പേരുകേട്ട മനയായിരുന്നു അത്. മാന്ത്രിക പാരമ്പര്യവുമുണ്ടായിരുന്നു. തിരുവനന്തപുരത്തെ ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ മുറജപത്തിന് ക്ഷണിക്കപ്പെട്ട നമ്പൂതിമാര്‍
വഴിമധ്യേ അവിടെ താമസിച്ചിരുന്നു. അത് പിന്നീട് വാദ്ധ്യാന്‍ ഇല്ലമായി അറിയപ്പെട്ടു.

ഇല്ലത്തിന്റെ ഓട് അടക്കം എല്ലാ ഉരുപ്പടികളും സഹിതം മൂന്നുമാസത്തിലേറെ കാലം കൊണ്ടാണ് വാഹനത്തില്‍ തൃക്കരിപ്പൂരിലെത്തിച്ചത്. അതിലൊരു കൗതുകം കൂടിയുണ്ട് . ഇപ്പോള്‍കാസര്‍ഗോഡ് ജില്ലയില്‍പ്പെട്ട നീലേശ്വരത്തുണ്ടായിരുന്ന നീലകണ്ഠ ടൈല്‍ വര്‍ക്‌സിന്റെ ഓടുകള്‍ കോട്ടയത്തെ വാദ്ധ്യാന്‍ ഇല്ലത്തിലുണ്ടായിരുന്നു. നൂറ്റാണ്ടിന് ശേഷം അത് തിരിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിവരുന്ന വിസ്മയം കൂടി ഇവിടെയുണ്ട്. ഉത്തരകേരളത്തില്‍ ഏറെ പരിചിതമല്ലാത്ത വാസ്തു വിദ്യാ രീതിയായതിനാല്‍ ആലപ്പുഴ നിന്ന് ആശാരിമാരെ കൊണ്ടു വന്ന് താമസിപ്പിച്ചാണ് പരമ്പരാഗത രീതിയില്‍ പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത് . തടി വീട് നിര്‍മ്മാണ വിദഗ്ദനായ കോണ്‍ട്രാക്റ്റര്‍ ജി. ഉത്തമനാണ് നിര്‍മ്മാണ ചുമതല ഏറ്റെടുത്തത്. ശ്രീക്കുട്ടന്‍, സജീവന്‍, രഘു, കുട്ടന്‍, ഷാജി, അഭിലാഷ്, ബൈജു, ടി.കെ ഷാജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സഹായികളടക്കം നാല്‍പതോളം ആശാരിമാര്‍ ഇതിന്റെ നിര്‍മ്മാണത്തിന് സഹായികളായി വന്നിരുന്നു. കല്‍പ്പണിക്കാരായ അജയന്‍ മേസ്ത്രിയുടെ നേതൃത്വത്തില്‍ പതിനഞ്ചോളം കല്‍പ്പണി ക്കാരും പ്രദീപന്റെ നേതൃത്വ ത്തില്‍ ഇരുപതോളം കുമ്മായം സിമന്റ് പണിക്കാരും ഉണ്ടായിരുന്നു. പഴയ കെട്ടിടം നിര്‍മ്മിക്കുന്നപോലെ കുമ്മായം പൂഴിയുമായി ചേര്‍ത്ത് കുളിര്‍ മാവ്  മരത്തിന്റെ കറയും ഒഴിച്ച് ശര്‍ക്കരയും ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതമാണ് ചുമര്‍ തേക്കാനുപയോഗിച്ചത്. നീലേശ്വരം സ്വദേശി സിവില്‍ എഞ്ചിനീയര്‍ ദിനേശന്റെ സൂപ്പര്‍ വിഷനിലാണ് ഈ വീട് യാഥാര്‍ത്ഥ്യമായത്. തൃക്കരിപ്പൂര്‍ സ്വദേശി ഷബിന്‍ വര്‍ക്ക് സൂപ്പര്‍ വൈസര്‍ ആയി കോട്ടയത്തെ വീട് പൊളിക്കുമ്പോള്‍ മുതല്‍ കൂടെയുണ്ടായിരുന്നു. കൊത്തുപണിയോടുകൂടിയ കട്ടിള, മയില്‍പ്പൂട്ട്, നിരപ്പലക, മഞ്ചാടി ജനല്‍, പത്തായം, പൂമച്ച്, ചരുവ് മച്ച്, പട്ടത്തൂണ്‍, പിണ്ടിത്തൂണ്‍ എന്നിവ അതുപോലെ മിനുക്കി ഉറപ്പിച്ചു. കാലപ്പഴക്കം കൊണ്ട് നശിച്ച മരഭാഗങ്ങള്‍ അതേ ഇനത്തില്‍പ്പെട്ട മരം കൊണ്ട് പുതുക്കിപ്പണിതു. 2019 ലാണ് വാദ്ധ്യാന്‍ ഇല്ലം പൊളിച്ചു മാറ്റിയത്. തുടര്‍ന്ന് ആ വര്‍ഷം സപ്തംബറില്‍ ആരംഭിച്ച നിര്‍മാണം 2023 ല്‍ പൂര്‍ത്തിയായി.
പഴയകാലത്തെ മരവീടുകളുടെ സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താനാണ് ഈ ദൗത്യം ഏറ്റെടുത്തതെന്ന് പയ്യന്നൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫോക്ലോര്‍ ഗവേഷണ സ്ഥാപനം ഫോക്ലാന്‍ഡ് ചെയര്‍മാനായ ഡോ. വി.ജയരാജന്‍ പറഞ്ഞു. ഡോ. ജയരാജന്‍ ഇപ്പോള്‍ യുനെസ്‌കോ യുടെ കീഴിലുള്ള ICCN (ഇന്റര്‍ സിറ്റി ഇന്റാഞ്ചി ബിള്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ നെറ്റ് വര്‍ക്കിന്റെ ) സിക്രട്ടറി ജനറലാണ്.
ഇന്ത്യന്‍ നാഷണല്‍ ട്രെസ്റ്റ് ഫോര്‍ ആര്‍ട് ആന്റ കള്‍ചറല്‍ ഹെറിറ്റേജ് എന്ന എന്‍.ജി.ഒയുടെ ഭാഗമായി ടിമ്പര്‍ ഹൗസസ് ഓഫ് ഇന്ത്യ എന്ന പ്രൊജക്ടിനായി മര വീടുകളുടെ സര്‍വേ നടത്തുന്നതിനായി കോട്ടയം ഭാഗങ്ങളില്‍ സഞ്ചരിച്ചപ്പോഴാണ് പൈതൃക ഭംഗിയുള്ള നിരവധി വീടുകള്‍ ജയരാജന്‍ കണ്ടത്. കോട്ടയം ഭാഗത്തെ പുരാതന വീടുകളുടെ പൈതൃക മൂല്യം വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.കുറേപേര്‍ അത്തരം ഭവനങ്ങള്‍ സംരക്ഷിക്കുന്നുണ്ട്. കാലപ്പഴക്കത്തില്‍ ചിലത് നഷ്ടപ്പട്ടു. നിലവിലുള്ളതില്‍ പലതും താമസിക്കാന്‍ ആളുകളില്ലാത്തതിനാല്‍ നാശോന്മുഖമാണ്.
തിരവനന്തപുരത്തേക്കുള്ള യാത്രയിലാണ് അയ്മനത്ത് വച്ച് നേരത്തേ പരിചയപ്പെട്ട ഒരാള്‍ വാദ്ധ്യാന്മന പൊളിച്ചു നീക്കാന്‍ പോകുകയാണെന്ന കാര്യം ജയരാജിനോട് വിളിച്ചു പറഞ്ഞത്. ഉടന്‍ തന്നെ യാത്ര അയ്മനത്തേക്ക് മാറ്റി ഉടമസ്ഥരെ കണ്ട് വിലപറഞ്ഞുറപ്പിക്കിയായിരുന്നു. ഭവനത്തിന്റെ സൗന്ദര്യം കണ്ട് വിട്ടുകളയാന്‍ തോന്നിയില്ല എന്ന് ജയരാജന്‍പറഞ്ഞു.
പഴയ മനയുടെ അടിസ്ഥാന ഘടനയില്‍ തന്നെയാണ് പുനര്‍ നിര്‍മാണം നടത്തിയത്. സൗകര്യത്തിന് വേണ്ടി ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. കൊത്തുപണി വര്‍ക്കുകള്‍ കുറച്ച് പുതുതായി ചെയ്തു. ഒരു അറ തറ കുഴിച്ച് നിര്‍മിച്ചതിനാല്‍ അന്തരീക്ഷ ഊഷ്മാവില്‍ നിന്ന് താഴെയാണ്. അവിടെയാണ് ലൈബ്രറി. ആകെയുള്ള നിര്‍മാണ സാമഗ്രികളില്‍ എണ്‍പതു ശതമാനവും മരമാണ്. ബാക്കി ചെങ്കല്ലും. ആഞ്ഞിലി, പ്ലാവ്, തേക്ക്, തേന്മാവ്, ഇരൂള്‍, തമ്പകം, ഈട്ടി തുടങ്ങിയ മരങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വപ്നം സഫലമാക്കാന്‍ കുറെയേറെ പ്രയാസപ്പെട്ടെങ്കിലും ഇപ്പോള്‍ ഡോ. ജയരാജിനും ഭാര്യ സാരഞ്ജിനി ജയരാജിനും വീടിനെ കുറിച്ച് അഭിമാനമാണ്. മക്കളായ ആതിര ജയരാജ്, ആരതി ജയരാജും വിദേശത്താണ്.

നിര്‍മാണത്തിന് മുന്‍പ് ശില്‍പശാല.

ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ്, കോളേജ് ഓഫ് എന്‍ജിനീയറിങ് പയ്യന്നൂര്‍ എന്നിവയുടെ സഹകരണത്തോടെ പയ്യന്നൂര്‍ ഫോക് ലാന്‍ഡ് നടത്തിയ ഏഴുദിവസത്തെ ശില്‍പശാലയോടെയാണ് കെട്ടിടനിര്‍മാണം തുടങ്ങിയത്. പ്രശസ്തരായ ആര്‍ക്കിടെക്ടുകളും മരപ്പണിക്കാരും കല്‍പണിക്കാരും നൂറോളം ആര്‍ക്കിടെക്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികളും പങ്കെടുത്തു.

കൂട്ടുകുടുംബവും വലിയ തറവാടുകളും

നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഈയൊരു കാലഘട്ടത്തില്‍ ഇത്തരം വീടുകള്‍ നമുക്ക് നല്‍കുന്നത് നൊസ്റ്റാള്‍ജിയ തന്നെയാണ്.